ന്യൂഡല്‍ഹി: കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താൻ പാർട്ടി ഭരണഘടനയിൽ പുതിയ നിയമങ്ങൾ കൂട്ടിച്ചേർത്ത് നേതൃത്വം. ലഹരിവസ്തുക്കൾ ഉപയോഗിക്കരുത്, പാർട്ടിയെ പൊതു ഇടത്തിൽ വിമർശിക്കരുത് തുടങ്ങിയവയാണ് പുതിയ നിർദേശങ്ങൾ. ഇന്നലെ റായ്പൂരിൽ ആരംഭിച്ച പ്ലീനറി സമ്മേളനത്തിലാണ് പുതിയ നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. അംഗങ്ങൾക്ക് സന്നദ്ധ പ്രവർത്തനവും സാമൂഹിക സേവനവും ചെയ്യാണമെന്നും കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്നും നിർദേശമുണ്ട്.
‘അവനോ അവളോ ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല. സമൂഹത്തിന് വേണ്ടി, പ്രത്യേകിച്ച് ദരിദ്രർക്കും വേണ്ടിയുള്ള ശ്രമദാൻ ഉൾപ്പെടെയുള്ള പൊതു ആസ്തികൾ സൃഷ്ടിക്കുന്നതിനുള്ള ചുമതലകളും പദ്ധതികളും ഏറ്റെടുക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്യണം. കൂടാതെ സാമൂഹ്യനീതി, സമത്വം, ഐക്യം എന്നിവയ്ക്കായി സേവിക്കുന്ന വിധത്തിൽ സ്വയം പ്രവർത്തിക്കണം. ഭൂപരിധി ചട്ടം ലംഘിക്കുകയോ, ഗുരുകതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യാൻ പാടില്ല. മതേതരത്വം, സോഷ്യലിസം, സാമൂഹിക നീതി, ജനാധിപത്യം എന്നിവയുടെ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കണം.ഉൾപാർട്ടി ഫോറത്തിലൂടെയല്ലാതെ പാർട്ടിയുടെ അംഗീകൃത നയങ്ങളെയും പരിപാടികളെയും പ്രത്യക്ഷമായോ പരോക്ഷമായോ പരസ്യമായോ വിമർശിക്കാൻ പാടുള്ളതല്ല’.
കഴിഞ്ഞ ദിവസം ആരംഭിച്ച കോൺഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനത്തിൽ 15,000-ത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. മറ്റ് പ്രതിപക്ഷ പാർട്ടികളുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം ഉൾപ്പെടെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.