പ്രൗഢമായ ആഘോഷ പരിപാടികളോടെ സൗദി സ്ഥാപക ദിനാഘോഷത്തിന് സമാപനം. നാലു ദിവസം നീണ്ടു നിന്ന പരിപാടികളാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ അരങ്ങേറിയത്. തലസ്ഥാനത്തെ പ്രകമ്പനം കൊളളിച്ച സൈനിക മാര്‍ച്ചായിരുന്നു സ്ഥാപക ദിന ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണം.
രാജ്യത്തിന്റെ സൈനിക ശേഷിയും കരുത്തും വിളംബരം ചെയ്ത മാര്‍ച്ചില്‍ വിവിധ സേനാ വിഭാഗങ്ങള്‍ പങ്കെടുത്തു. സായുധരായ വനിതാ സൈനികരും മാര്‍ച്ചില്‍ പങ്കാളികളായി. റിയാദ് കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറിയില്‍ മജിലിസ് എന്ന പേരില്‍ ഒരുക്കിയ പരിപാടിയില്‍ സൗദിയുടെ സാംസ്‌കാരിക പൈതൃകം വിളംബരം ചെയ്യുന്ന വിവിധ ഡോകുമെന്ററികളുടെ പ്രദര്‍ശനവും ചര്‍ച്ചയും നടന്നു.
സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഗീത വിരുന്ന് പരമ്പരാഗത നൃത്തമായ അര്‍ദ എന്നിവ ഉള്‍പ്പെടെ വിപുലമായ കലാവിരുന്നാണ് ഒരുക്കിയത്. രാജ്യത്തിന്റെ പൈതൃകം പുതു തലമുറക്ക് പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞ വര്‍ഷം മുതലാണ് സ്ഥാപക ദിനം ആചരിക്കാന്‍ തുടങ്ങിയത്.