തിരുവനന്തപുരം: വിവാദ കുരുക്കിൽ വീണ്ടും യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം കൊല്ലത്തെ റിസോർട്ട് ഉടമയും ചിന്ത ജെറോമും ചേർന്ന് യൂത്ത് കോൺഗ്രസ് നേതാവിനെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിനെയാണ് ഭീഷണിപ്പെടുത്തിയത്. തുടർന്ന് വിഷ്ണുവിന് സുരക്ഷ നൽകാൻ ഹൈക്കോടതി നിർദേശം നൽകി. കൊട്ടിയം പോലീസിനോടാണ് സംരക്ഷണം നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്.
ചിന്ത ജെറോമിനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് ഇരുവരും ഭീഷണി മുഴക്കിയത്. കൊല്ലത്തെ ആഡംബര റിസോർട്ടിലെ താമസത്തിന് ചിന്ത ജെറോം 38 ലക്ഷം രൂപ ചെലവാക്കിയെന്നാണ് വിഷ്ണു സുനിൽ പന്തളം വിജിലൻസിന് പരാതി നൽകിയത്. കൊല്ലം തങ്കശേരിയിലുള്ള ആയുർവേദ റിസോർട്ടിൽ മാസം 20,000 രൂപ വാടക നൽകി ഒന്നര വർഷത്തോളം ചിന്തയും മാതാവും താമസിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ആയുർവേദ റിസോർട്ട് ഉടമ ഡാർവിൻ ക്രൂസ്, വർഷങ്ങളായി തങ്ങളുടെ കുടുംബ സുഹൃത്താണെന്ന് അവകാശപ്പെട്ട് ചിന്ത ജെറോം രംഗത്തെത്തിയിരുന്നു.
ചിന്ത ജെറോമിന്റെ അമ്മയുടെ ചികിത്സകൾ നടത്തുന്നത് റിസോർട്ട് ഉടമയുടം ഭാര്യ ഡോ. ഗീത ഡാർവിനാണ്. ചിന്തയുട വരുമാന സ്രോതസ്സ് പരിശോധിക്കണമെന്നും വിഷ്ണു പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിന്തയുടെയും റിസോർട്ട് ഉടമയുടെയും നേതൃത്വത്തിലുള്ള പാർട്ടി പ്രവർത്തകർ തന്നെ മർദ്ദിച്ചതെന്ന് വിഷ്ണു ഹക്കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. മർദ്ദനത്തിന് പിന്നാലെയാണ് ഇരുവരുടെയും നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സംരക്ഷണം നൽകാൻ ഉത്തരവിട്ടത്.