തിരുവനന്തപുരം• കെഎസ്ആർടിസിയിൽ നിർബന്ധിത വിആർഎസ് നടപ്പാക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. നിർബന്ധിത വിരമിക്കൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജുവും പാലക്കാട്ട് പറഞ്ഞു.50 വയസ്സിനു മുകളിലുള്ള, 20 വർഷത്തിലധികം സർവീസുള്ള 7200 പേരുടെ പട്ടിക വിആർഎസ് നടപ്പാക്കുന്നതിനായി തയാറാക്കിയിട്ടില്ലെന്നു മാനേജ്മെന്റ് വ്യക്തമാക്കി.
1243 ജീവനക്കാർ നിലവിൽ ജോലിക്കുവരുന്നില്ല. 600 ജീവനക്കാർ പല മാസങ്ങളിലും 16 ഡ്യൂട്ടി എന്ന നിബന്ധന പാലിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഇവർക്കായി 2 വർഷം മുൻപ് വിആർഎസ് നടപ്പാക്കാൻ സർക്കാരിനോട് 200 കോടി രൂപ ആവശ്യപ്പെട്ടത്.പണം അനുവദിക്കാൻ പറ്റില്ലെന്ന് അന്നു തന്നെ സർക്കാർ വ്യക്തമാക്കിയതോടെ പദ്ധതി ഉപേക്ഷിച്ചിരുന്നു.
അതിനു ശേഷം പകുതി ശമ്പളത്തോടെയുള്ള അവധി നൽകി ഫർലോ ലീവ് നടപ്പാക്കാൻ ഉത്തരവായി. സ്ഥിരമായി ഡ്യൂട്ടിക്ക് വരാത്ത 2000 പേരെങ്കിലും ഫർലോ ലീവ് പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ 4 കോടി രൂപയോളം പ്രതിമാസം ശമ്പളത്തിൽ കുറവ് വരുമായിരുന്നു. പക്ഷേ ഒരു വിഭാഗം ശക്തമായ പ്രചാരണം നടത്തി ഈ ലീവ് സംവിധാനം പരാജയപ്പെടുത്തി. വിആർഎസ് നടപ്പാക്കുകയാണെങ്കിൽ അത് താൽപര്യമുള്ളവർക്കു വേണ്ടി മാത്രമായിരിക്കും.
നിർബന്ധിത വിരമിക്കൽ വലിയ സാമ്പത്തികബാധ്യത സർക്കാരിനു വരുത്തുമെന്നു മന്ത‌്രി വ്യക്തമാക്കി. ഓരോ വർഷവും വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനവകുപ്പിനു റിപ്പോർട്ട് നൽകുന്ന പതിവുണ്ട് . ഉദ്യോഗസ്ഥരും പല ആശയങ്ങൾ നൽകാറുണ്ട്. ഈ രീതിയിൽ മാനേജ്മെന്റ് സമർപ്പിച്ച റിപ്പോർട്ടിൽ വന്ന നിർദേശമാണോ എന്നു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.