റായ്പുർ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്ര വൻ വിജയമാണെന്നു വിലയിരുത്തിയ കോൺഗ്രസ് നേതൃത്വം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മറ്റൊരു യാത്രയ്ക്കുകൂടി പദ്ധതിയിടുന്നു. രാജ്യത്തിന്റെ കിഴക്കുനിന്ന് തുടങ്ങി പടിഞ്ഞാറ് അവസാനിക്കുന്ന യാത്ര സംബന്ധിച്ച് സജീവ ആലോചനയിലാണെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ ‘തപസ്യ’യുമായി മുന്നോട്ടുപോകാൻ പ്ലീനറി സമ്മേളനത്തിൽ രാഹുൽ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് പുതിയ യാത്ര സംബന്ധിച്ച് കോൺഗ്രസ് സൂചനകൾ നൽകിയത്. ഏപ്രിൽ, നവംബർ മാസങ്ങളിൽ ചില സംസ്ഥാന തിരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ അതിനനുസരിച്ചായിരിക്കും അന്തിമ തീരുമാനം.
അരുണാചൽ പ്രദേശിലെ പാസിഘട്ട് മുതൽ ഗുജറാത്തിലെ പോർബന്തർ വരെയായിരിക്കും കിഴക്ക് – പടിഞ്ഞാറ് യാത്ര. എന്നാൽ തെക്ക് – വടക്ക് ഭാരത് ജോഡോ യാത്രയിൽനിന്ന് വ്യത്യസ്തമായ ഒരു ഫോർമാറ്റായിരിക്കാം പുതിയ യാത്രയെന്ന സൂചനയാണ് നേതൃത്വം നൽകുന്നത്. കിഴക്ക് – പടിഞ്ഞാറ് പാത കാടുകളും നദികളും ധാരാളം ഉള്ള മേഖലയായതിനാൽ പദയാത്ര മാത്രമായിരിക്കാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.