മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ ആഘാതത്തിൽനിന്ന് കരകയറാനാകാതെ ഗൗതം അദാനി. ഒരു മാസംമുൻപ് അതിസമ്പന്നരുടെ പട്ടികയിൽ ലോകത്ത് മൂന്നാമനും ഏഷ്യയിൽ ഒന്നാമനുമായിരുന്ന അദാനി 30-ാം സ്ഥാനത്തേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. ഒരു മാസത്തിനിടെ 12 ലക്ഷം കോടിയാണ് അദാനി ഗ്രൂപ്പിന്റെ നഷ്ടം.
തുറമുഖം മുതൽ ഊർജം, എണ്ണ, സിമന്റ്, ചരക്ക്, മാധ്യമം അടക്കം തൊട്ട മേഖലകളിലെല്ലാം ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനു പിന്നാലെ അദാനിക്കു പിഴച്ചു. അദാനി പവർ, അദാനി വിൽമർ, അദാനി പോർട്‌സ് ആൻസ് സെസ്, മാധ്യമസ്ഥാപനമായ എൻ.ടി.ടി.വി അടക്കം എല്ലാ സ്ഥാപനങ്ങളുടെയും ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
റിപ്പോർട്ട് പുറത്തുവരുന്നതിനുമുൻപ് 120 ബില്യൻ ഡോളർ(ഏകദേശം 9.95 ലക്ഷം കോടി) ആയിരുന്നു അദാനിയുടെ ആസ്തി. റിപ്പോർട്ടിനു പിന്നാലെ 80.6 ബില്യൻ ഡോളറാണ് അദ്ദേഹത്തിന് നഷ്ടമായത്. നിലവിൽ 40 ബില്യൻ ഡോളറാണ് അദാനിയുടെ ആസ്തി. കഴിഞ്ഞ വര്‍ഷം അദാനി പിന്നിലാക്കിയ മുകേഷ് അംബാനി ലോക അതിസമ്പന്നരില്‍ പത്താം സ്ഥാനത്തുണ്ട്. 81.2 ബില്യന്‍ ഡോളറാണ് ആസ്തി.
ജനുവരി 24നാണ് അദാനി ഗ്രൂപ്പിനെതിരെ ഓഹരി തട്ടിപ്പ് അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തി യു.എസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവരുന്നത്. പിന്നാലെ ഇതുവരെയില്ലാത്ത തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു മാസം കഴിഞ്ഞിട്ടും ഹിൻഡൻബർഗ് ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് കരകയറാൻ അദാനി ഗ്രൂപ്പിനായിട്ടില്ല.