ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇതുവരെ രാജിവെക്കാത്തത് അപമാനകരമാണെന്നും ശക്തമായ പ്രക്ഷോഭത്തിലൂടെ അദ്ദേഹത്തെ പുറത്താക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. ഗ്യാനേഷ് കുമാർ ഭരണകക്ഷിയായ ബിജെപിയെ സഹായിക്കാൻ പ്രവർത്തിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന് വ്യക്തിത്വമില്ലെന്ന് തെളിഞ്ഞതായും എം.എ ബേബി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും ഭാവിയും ഉറപ്പാക്കാൻ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റേണ്ടത് അത്യാവശ്യമാണ്. ഗ്യാനേഷ് കുമാറിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, ഇന്‍ഡ്യ ബ്ലോക്കിന്റെ നേതൃത്വത്തിൽ തുടർന്നുള്ള പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തന വൈകല്യത്തിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികൾ ഒറ്റയ്ക്കും കൂട്ടായും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഇന്‍ഡ്യ ബ്ലോക്കിന് പുറത്തുള്ള പാർട്ടികളെയും വിശാലമായ സമരവേദി രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലത്തിലും അദ്ദേഹം പ്രതികരണം നടത്തി. സിപിഎമ്മും എല്‍ഡിഎഫും തെറ്റ്തിരുത്തൽ നടത്തുന്നു എന്ന ചിന്തയാണ് മാറ്റത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. തെറ്റുകളും പോരായ്മയും തിരുത്തിയാൽ ആവശ്യത്തിലധികം ശിക്ഷിച്ച നിലപാട് തിരുത്താൻ ജനങ്ങളും തയാറാണ് എന്നാണ് സന്ദേശം. രണ്ട് തരത്തിലെ തിരുത്തലുകൾ നടക്കുന്നു. സിപിഎമ്മിനെ സംബന്ധിച്ച് ജനങ്ങൾക്ക് പ്രതീക്ഷയുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.