ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകളിലൂടെയുള്ള വോട്ടിംഗ് രീതി തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹിയിൽ ചേർന്ന ഇൻഡ്യ സഖ്യ നേതാക്കളുടെ യോഗത്തിൽ സംസാരിക്കവേ, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലും എസ്ഐആര് പ്രക്രിയയിലും വ്യാപക ക്രമക്കേടുകൾ ആരോപിച്ചാണ് പ്രതിപക്ഷം വീണ്ടും ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തുന്നത്. പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യ സഖ്യം.
“മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ മുഖംമൂടി പൂർണ്ണമായും അഴിഞ്ഞുവീണിരിക്കുകയാണ്. കഴിഞ്ഞ 10 മാസത്തിനിടെ കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങൾ 14 തവണയാണ് അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്കെതിരെ കത്തെഴുതിയത്. ഇത് കമ്മീഷണറുടെ സുതാര്യതയെയും ഉദ്ദേശ്യത്തെയും ചോദ്യം ചെയ്യുന്നതാണ്. ഭരണഘടനാപരമായോ ധാർമ്മികമായോ അല്പമെങ്കിലും മര്യാദ ശേഷിക്കുന്നുണ്ടെങ്കിൽ അദ്ദേഹം പദവി ഒഴിയണം”- ഖാർഗെ പറഞ്ഞു.
ജനാധിപത്യ സംവിധാനത്തിന്റെ സുതാര്യതയ്ക്ക് പകരം രഹസ്യാത്മകത അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് ഖാർഗെ വ്യക്തമാക്കി. ‘ഒരാൾക്ക് ഒരു വോട്ട്, ഒരു മൂല്യം’ എന്ന ഭരണഘടനാപരമായ അടിസ്ഥാന തത്വം ദുർബലപ്പെടുത്താൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ജയറാം രമേശ്, കെ.സി. വേണുഗോപാൽ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സമാജ്വാദി പാർട്ടി, ആർ.ജെ.ഡി, സി.പി.ഐ, സി.പി.ഐ (എം), എൻ.സി.പി (ശരദ് പവാർ), ശിവസേന (യു.ബി.ടി) തുടങ്ങിയ കക്ഷികളുടെ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
Leave a Comment
Your comment will be visible after admin approval.