തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ സർവകലാശാലകളുടെ ഭരണത്തിൽ ഇടപെടുന്ന ഗവർണറെ നേരിടാനുറച്ച് സർക്കാർ. ചാൻസലറുടെ അധികാരങ്ങൾ കുറച്ച് സഭ പാസാക്കിയ ബില്ലുകളുടെ അടിസ്ഥാനത്തിൽ തുടർ തീരുമാനമെടുക്കാനാണ് സർക്കാർ നീക്കം. ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത് അടക്കമുള്ള വിഷയങ്ങളിൽ നിയമനടപടികളെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.
കെടിയു മലയാളം സർവകലാശാല അടക്കം ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിയമസഭ പാസാക്കിയ നിയമത്തിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനങ്ങളെടുത്ത് വരുന്നത്. എന്നാൽ തീരുമാനങ്ങളെയൊന്നും ഗവർണർ അംഗീകരിക്കുന്നില്ല. കെടിയു വിസിയെ നിയന്ത്രിക്കാനുള്ള സിൻഡിക്കേറ്റിൻറെ തീരുമാനം റദ്ദാക്കിയ ഗവർണറുടെ തീരുമാനത്തോടെ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. വിട്ടുവീഴ്ചക്ക് തയ്യാറല്ല പോരാടാൻ തന്നെയാണ് തീരുമാനമെന്ന് ഗവർണർ സർക്കാരിന് മുന്നിൽ പറഞ്ഞ് വച്ചു. സർക്കാരും വിട്ട് വീഴചക്ക് ഒരുങ്ങുന്നില്ല. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ സര്ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവർണറെ നേരിടാനാണ് സർക്കാർ നീക്കം.
ഇതിൻറെ ആദ്യപടിയായിട്ടാണ് ബില്ലുകളിൽ ഒപ്പിടാത്തത് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചത്. സർവകലാശാലകളുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ഗവര്ണർ ഒപ്പിടാത്ത ബില്ലുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇപ്പോൾ തുടർനടപടികൾ സ്വീകരിക്കുന്നതും ചില ലക്ഷ്യങ്ങൾ മുന്നിൽ വച്ചാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണോ ഗവർണർ ആണോ വലുത് എന്ന് ചോദ്യം നിയമപരമായി ഉന്നയിക്കാനാണ് സർക്കാർ നീക്കം.
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമാനങ്ങളെടുക്കാൻ ഗവർണർക്ക് അധികാരമുണ്ടോ എന്ന ചോദ്യമുയർത്താനാണ് ആലോചന. ഭരണഘടനപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് മുകളിലല്ല ഗവർണർ എന്ന നിയമോപദേശമാണ് സുപ്രീംകോടതിയെ നിയമവിദഗ്ദർ നൽകിട്ടുള്ളത്. അതിൻറെ കൂടി അടിസ്ഥാനത്തിലാണ് ഗവർണറെ നേരിടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.