ന്യൂഡൽഹി: വിസ്താര എയർലൈനുമായി അടുത്ത വർഷം പൂർത്തിയാകുന്ന ലയനത്തിനു ശേഷവും എയർ ഇന്ത്യയുടെ പേര് മാറ്റമില്ലാതെ തുടരുമെന്ന് എയർ ഇന്ത്യ എംഡിയും സിഇഒയുമായ കാംപെൽ വിൽസൻ. എയർ ഇന്ത്യയുടെ വിഖ്യാതമായ ‘മഹാരാജാ’ മുദ്ര നിലനിർത്തും. ഒരുപക്ഷേ, മഹാരാജയ്ക്ക് ഒരു വനിതാ പങ്കാളി കൂടി മുദ്രയായി വന്നേക്കാമെന്ന സൂചനയും അദ്ദേഹം നൽകി. എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷം പിന്നിടുന്ന വേളയിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിൽ പങ്കെടുക്കുകയായിരുന്നു കാംപെൽ വിൽസൻ.
70 ബില്യൻ ഡോളർ (ഏകദേശം 5.80 ലക്ഷം കോടി രൂപ) ചെലവിട്ടു വാങ്ങുന്ന പുതിയ 470 വിമാനങ്ങൾ ഈ വർഷം അവസാനം ലഭിച്ചു തുടങ്ങും. 10 വർഷത്തിനുള്ളിൽ അവസാനത്തെ വിമാനവും ലഭ്യമാകും. 6 എ350 വിമാനങ്ങളാണ് ഈ വർഷം ലഭ്യമാകുക. പുതിയ വിമാനങ്ങളും കൂടുതൽ ജീവനക്കാരും കണക്ടിവിറ്റിയും സൗകര്യങ്ങളുമായി ആഗോളതലത്തിൽ മുൻനിര വിമാന കമ്പനിയായി മാറാനാണ് ആഗ്രഹിക്കുന്നത്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും മഹത്തായ പരിവർത്തനത്തിനാണ് എയർ ഇന്ത്യ ഒരുങ്ങുന്നതെന്നും കാംപെൽ വിൽസൻ കൂട്ടിച്ചേർത്തു. ‘470 വിമാനങ്ങൾക്കു പുറമേ, 370 വിമാനങ്ങൾ കൂടി വാങ്ങാൻ പദ്ധതിയുണ്ടെങ്കിലും അതിനു പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടില്ല. വിപണിയുടെ ആവശ്യങ്ങൾ വിലയിരുത്തിയാകും തീരുമാനം. ഇന്ത്യ സാമ്പത്തികമായി വളരുകയാണ്. ജനസംഖ്യ വർധിക്കുന്നു, കൂടുതൽ യാത്രക്കാർ ഉണ്ടാകുന്നു, വിദേശ ഇന്ത്യക്കാരുടെ എണ്ണവും വർധിക്കുന്നു. പുതിയ ഇന്ത്യ സൃഷ്ടിക്കുന്ന അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി വളരാനാണു പുതിയ എയർ ഇന്ത്യ ആഗ്രഹിക്കുന്നത്. ആഭ്യന്തര, രാജ്യാന്തര സെക്ടറുകളിൽ ഒരേ പോലെ ശ്രദ്ധ നൽകും.’
മദ്യം കഴിച്ചു വിമാനങ്ങളിൽ പ്രശ്നമുണ്ടാക്കിയാൽ കർശന നടപടികൾ സ്വീകരിക്കും. മുൻ സംഭവങ്ങളിൽ നിന്ന് എയർ ഇന്ത്യ പാഠം പഠിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.