തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന, മുഖ്യമന്ത്രി പിണറായി വിജയനെ ജോലിക്കായി കണ്ടതിനും സ്വപ്നയെ നോര്‍ക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയില്‍ നിയമിക്കാൻ എം.ശിവശങ്കർ നീക്കം നടത്തിയതിനും തെളിവായി വാട്സാപ്പ് ചാറ്റുകൾ. സ്വപ്നയുടെയും ശിവശങ്കറിന്റേയുമായി പ്രചരിക്കുന്ന ചാറ്റുകളുടെ ആധികാരികത സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രതികരിച്ചിട്ടില്ല. സ്വപ്നയും ശിവശങ്കറുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇഡി ശിവശങ്കറിനെ അറസ്റ്റു ചെയ്തത്. മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനോട് ഏഴാം തീയതി കൊച്ചി ഓഫിസിൽ ഹാജരാകാൻ ഇഡി നിർദേശിച്ചിട്ടുണ്ട്.
വാട്സാപ്പിലേത് സ്വാഭാവിക നിർദേശം മാത്രം: ശിവശങ്കർ
സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ അറിയിച്ചതായി ചാറ്റിൽ ശിവശങ്കർ പറയുന്നു. നിക്ഷേപ കമ്പനിയിലെ നിയമനത്തിനു നോർക്ക സിഇഒ അടക്കമുള്ളവർ സമ്മതിച്ചതായി സ്വപ്നയോട് ശിവശങ്കർ പറയുന്നുണ്ട്. ഇതിനുശേഷമാണ് സ്വപ്നയെ ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്കിൽ നിയമിച്ചത്.
നോർക്കയുടെ നിക്ഷേപ കമ്പനിയിൽ എംബിഎ ബിരുദമുള്ള ആളിനെ ആവശ്യമുണ്ടെന്നും താൻ സ്വപ്നയുടെ പേര് പറഞ്ഞപ്പോൾ യോഗത്തിലുണ്ടായിരുന്ന എല്ലാവരും അംഗീകരിച്ചതായും ശിവശങ്കർ പറയുന്നു. മുഖ്യമന്ത്രിയോട് ഇക്കാര്യം പറയാമെന്ന് ശിവശങ്കർ പറയുമ്പോൾ അദ്ദേഹം അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വപ്ന പറയുന്നു. യുഎഇ കോൺസുലേറ്റിൽനിന്ന് സ്വപ്ന രാജിവയ്ക്കുകയാണെന്ന് പറഞ്ഞപ്പോൾ സി.എം.രവീന്ദ്രൻ ഞെട്ടിയതായി ശിവശങ്കർ പറയുന്നു.
നോർക്കയിൽ ജോലി തന്നാൽ എതിർപ്പുണ്ടാകാൻ സാധ്യതയുള്ള കാര്യം സ്വപ്ന ചാറ്റിൽ സൂചിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ നേരത്തെ സ്വപ്ന കണ്ട കാര്യം രവീന്ദ്രനോട് പറഞ്ഞതായി ശിവശങ്കർ പറയുന്നു. സ്വപ്ന നിലവിലെ സാഹചര്യം മുഖ്യമന്ത്രിയോട് പറഞ്ഞതായും അദ്ദേഹത്തിന് നടന്നകാര്യങ്ങൾ അറിയാമെന്നും രവീന്ദ്രനോട് പറഞ്ഞതായും ശിവശങ്കർ പറയുന്നു.