തിരുവനന്തപുരം: സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. നികുതി ഈടാക്കാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. പ്രവാസികളുടെ നികുതി സംബന്ധിച്ച കാര്യങ്ങളിലും ധനമന്ത്രി നിലപാട് വ്യക്തമാക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ മുന്നോട്ടുവച്ച സബ്മിഷനായിരുന്നു മറുപടി.
അതേസമയം ചോദ്യങ്ങൾക്ക് മന്ത്രി കൃത്യമായ മറുപടി നൽകുന്നില്ലെന്ന് കാണിച്ച് എ.പി അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകി. 400 ചോദ്യങ്ങൾക്ക് മന്ത്രി ഇതുവരെ മറുപടി തന്നില്ലെന്ന് എ.പി അനിൽകുമാർ പറഞ്ഞു. പരാതി പരിശോധിച്ച് സ്പീക്കർ റൂളിങ് നൽകും. നികുതി ചോർച്ച തടയുന്നതിൽ സംസ്ഥാന സർക്കാർ പരാചയപ്പെട്ടെന്നും ആ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ നോട്ടീസ് സ്പീക്കർ അംഗീകരിച്ചില്ല.
പഴയ വിഷയം മുമ്പ് ചർച്ച ചെയ്തതാണെന്നാണ് സ്പീക്കർ പറഞ്ഞത്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഐ.ജി.എസ്.ടി പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നും ഇതുവഴി സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്നും പ്രതിപക്ഷം ആരോപിച്ചു. റോജി എം. ജോണാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയത്.
ശൂന്യ വേള ആരംഭിച്ചപ്പോൾ തന്നെ നോട്ടീസ് എടുത്തെങ്കിലും ഇത് ബജറ്റിൻമേലുള്ള ചർച്ചയിൽ വിശദമായി ചർച്ച ചെയ്തതാണ്, അതിനാൽ ഈ വിഷയത്തിൽ അടിയന്തപ്രമേയത്തിന് അവതരണാനുമതി നൽകാനാവില്ലെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനെ സ്പീക്കർ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു. തുടർന്ന് ശ്രദ്ധ ക്ഷണിക്കലിലേക്ക് കടക്കുകയായിരുന്നു.