ദുബൈ: അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശം പിൻവലിച്ച നടപടിയെ സ്വാഗതം ചെയ്ത് പ്രവാസലോകം. സംസ്ഥാന ബജറ്റിലെ നിർദേശത്തിനെതിരെ പ്രവാസികൾക്കിടയിൽ നിന്നും ശക്തമായ പ്രതിഷേധം രൂപപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ പിൻമാറ്റം.
അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള നീക്കം ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുന്ന ഒന്നായിരുന്നു. കുടുംബവുമൊത്ത് പ്രവാസലോകത്താണ് താമസം എന്നതിനാൽ നിരവധി പേർക്ക് നാട്ടിലെ തങ്ങളുടെ വീടുകൾ അടച്ചിടേണ്ട സാഹചര്യമുണ്ട്. വാർഷികാവധിക്ക് നാട്ടിലെത്തുമ്പോള്‍ മാത്രമാണ് ഇവർ വസതികളിൽ താമസിക്കുന്നത്.
അതുകൊണ്ടു തന്നെ അന്യായമായ ബജറ്റ് നിർദേശം പിൻവലിക്കണമെന്ന് നിരവധി പ്രവാസി കൂട്ടായ്മകൾ സർക്കാറിനോട് ആവശ്യപ്പെട്ടതാണ്. സർക്കാറിന്റെ പ്രവാസി വിരുദ്ധ നടപടികളുടെ കൂടി ഭാഗമാണിതെന്ന ആരോപണവും ഉയർന്നു. ഗൾഫ് മേഖലയിലെ ഇടത് അനുകൂല സംഘടനകളും ബജറ്റ് നിർദേശത്തെ പിന്തുണച്ചിരുന്നില്ല. പൊതുസമൂഹത്തിലും പ്രവാസികൾക്കും ഇടയിൽ രൂപപ്പെട്ട എതിർപ്പ് തന്നെയാണ് നിർദേശം പിൻവലിക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചത്.