തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ തെറ്റായ തൊഴില്‍ സംസ്കാരത്തിന് തുടക്കമിട്ട്, ജോലി ചെയ്യുന്നവര്‍ക്ക് പൂര്‍ണ വേതനം നല്‍കില്ലെന്ന നിലപാട് ,കേരളത്തിലെ തൊഴിലാളി സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ആശങ്ക നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതെന്ന് വ്യക്തമാക്കിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.മുന്‍കാല റൂളിംഗുകള്‍ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് ഇതിനെതിരെ രംഗത്തുവന്നു.സ്പീക്കര്‍ തുടർച്ചയായി പ്രതിപക്ഷ അവകാശം നിഷേധിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സഭ നടപടികളുമായി സഹകരിക്കാൻ ആകില്ല.ഇതുനിയമസഭയാണ്.സിപിഎം സംസ്ഥാന കമ്മിറ്റി അല്ലെന്ന് അദ്ദേഹം പറഞ്ഞു.എന്നാല്‍ പ്രതിപക്ഷനേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സ്പീക്കർ എ എന്‍ ഷംസീര്‍ പറഞ്ഞു.കൃത്യമായി ചട്ടം പറഞ്ഞാണ് അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പൂർണ്ണമായ നീതി നിഷേധം നടക്കുന്നുവെന്ന് പ്രതിപക്ഷ േനതാവ് തിരിച്ചടിച്ചു.സർക്കാർ ചോദ്യങ്ങളിൽ നിന്ന് ഓടി ഒളിക്കുന്നു.ഒരു വിഷയത്തിൽ ഒരു ചോദ്യം വന്നാൽ ആ വിഷയത്തിൽ അടിയന്തര പ്രമേയം പാടില്ല എന്ന റൂളിംഗ് ശരിയില്ല.ചോദ്യം വന്നതല്ല കോടതിയിൽ വിഷയം വരുന്നത് കൊണ്ടാണ് അനുമതി ഇല്ലാത്തതെന്ന് സ്പീക്കർ വിശദീകരിച്ചു.മുതിർന്ന അംഗം ആയ പ്രതിപക്ഷ നേതാവ് പുതുമുഖം ആയ ചെയറിനു എതിരെ പറഞ്ഞത് ശരിയായില്ലെന്നും സ്പീക്കർ പറഞ്ഞു.കാരണം പറയാതെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചില്ലെന്നും സ്പീക്കർ പറഞ്ഞു.പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നിൽ പ്രതിഷേധിച്ചു .