തിരുവനന്തപുരം : വധുവിന് നൽകുന്ന വിവാഹ സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയിൽ വേണമെന്ന് സംസ്ഥാന വനിത കമ്മിഷൻ. വധുവിന് അവകാശമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങൾ കാൽലക്ഷം രൂപയുടേതായും ചുരുക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്‌തു.
കൂടാതെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കണമെന്നും വനിതാ കമ്മിഷൻ ശുപാർശ ചെയ്തു. കൗൺസലിങ് നൽകുന്നുണ്ടെങ്കിലും കമ്മിഷൻ ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. ശുപാർശ സർക്കാർ അംഗീകരിച്ചാൽ ഭാവിയിൽ കമ്മിഷൻ സർട്ടിഫിക്കറ്റ് നൽകുമെന്നും ഈ സർട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങളിൽ കാണിച്ച് വിവാഹം രജിസ്റ്റർ ചെയ്യണമെന്നുമാണ് കമ്മിഷന്റെ ആവശ്യം.
വിവാഹത്തിന് ആളുകളുടെ എണ്ണവും ആർഭാടവും കുറയ്ക്കണമെന്നും മാതാപിതാക്കൾക്ക് കൗൺസിലിങ് നൽകണമെന്ന വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയാനുള്ള നിയമം കർശനമായി നടപ്പാക്കണമെന്ന് വനിതശിശുക്ഷേമ വകുപ്പിനോട് ശുപാർശ ചെയ്തതായും അധ്യക്ഷ പി സതീദേവിയും അംഗം ഇന്ദിരാ രവീന്ദ്രനും പറഞ്ഞു.