ചെന്നൈ• വിദ്വേഷ പ്രചാരണത്തിന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ കേസ്. തമിഴ്നാട്ടില്‍ അതിഥിത്തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് വ്യാജപ്രചാരണം നടത്തിയതിനാണ് കേസ്. ഉത്തരേന്ത്യക്കാര്‍ക്കെതിരായ ഡിഎംകെ നേതാക്കളുടെ പ്രസ്താവനകള്‍ താന്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്ന് അണ്ണാമലൈ പറഞ്ഞു. തന്റേടമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്നും അണ്ണാമലൈ വെല്ലുവിളിച്ചു.
വ്യാജപ്രചരണത്തെ തുടർന്ന് തൊഴിലാളികൾ തമിഴ്നാട്ടിൽ നിന്ന് മടങ്ങുന്നത് തുടരുകയാണ്. അന്വേഷണത്തിനായി ബിഹാറിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ ചെന്നൈയിലെത്തിയിട്ടുണ്ട്.
അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തമിഴ്നാട്ടില്‍ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശികളായ തൊഴിലാളികളെ ഉദ്യോഗസ്ഥര്‍ ആക്രമിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും സ്റ്റാലിന്‍ അറിയിച്ചു. കുടിയേറ്റ തൊഴിലാളികള്‍ ഭയപ്പെടേണ്ട. ആരെങ്കിലും ഭീഷണിയുയര്‍ത്തിയാല്‍ ഹെല്‍പ് ലൈനിലേക്ക് വിളിക്കണം. തമിഴ്നാട് സര്‍ക്കാരും ജനങ്ങളും തൊഴിലാളികളെ സഹോദരങ്ങളായി കണ്ട് സഹായിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.