വാഷിങ്ടൺ: മൂന്നാം ലോകയുദ്ധം സംഭവിക്കാതിരിക്കണമെങ്കിൽ താൻ വീണ്ടും യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടണമെന്ന് ഡൊണാൾഡ് ട്രംപ്. താൻ തെരഞ്ഞെടുക്കപ്പെട്ടാൽ റഷ്യ-യുക്രൈൻ യുദ്ധം ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 2024ൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
അവസാനമില്ലാത്ത വിദേശയുദ്ധങ്ങളിൽ ഇടപെട്ട വിഡ്ഢികളും ഭ്രാന്തന്മാരും ഭരിച്ചിരുന്ന റിപബ്ലിക്കൻ പാർട്ടിയിലേക്ക് താനും അനുയായികളും മടങ്ങില്ലെന്നും ട്രംപ് വ്യക്തമാക്കി. യുക്രൈനു പ്രതിരോധമൊരുക്കാനായി ശതകോടികൾ ചെലവാക്കുന്നത് അമേരിക്ക അവസാനിപ്പിക്കണം. സംഘർഷത്തിന്റെ ചെലവ് തീർക്കാൻ നാറ്റോ സഖ്യരാജ്യങ്ങൾ കൂടുതൽ തുക നൽകണം. തെരഞ്ഞെടുക്കപ്പെട്ടാൽ ഒരു ദിവസംകൊണ്ട് യുദ്ധം അവസാനിപ്പിക്കുമെന്നും ട്രംപ് വാദിച്ചു.
കൺസർവേറ്റിവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസ്(സിപാക്) 2023ൽ നടത്തിയ ദീർഘമായ പ്രസംഗത്തിലാണ് ട്രംപ് തുറന്നടിച്ചത്. വാഷിങ്ടണിലെ മാരിലാൻഡിലെ ഒരു ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിനു മുന്നിലായിരുന്നു ട്രംപിന്റെ പ്രസംഗം. മുക്കാൽ മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഉടനീളം 2024 തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള വാഗ്ദാനങ്ങളാണ് ട്രംപ് നടത്തിയത്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച റിപബ്ലിക്കൻ പാർട്ടിയിലെ എതിരാളികളുടെ പേര് പരമാർശിക്കാനോ 2020 തെരഞ്ഞെടുപ്പിലെ വിവാദങ്ങളെ സ്മരിക്കാനോ അദ്ദേഹം തയാറായില്ല.
എന്നാൽ, യു.എസ് പ്രസിഡന്റ് ജോ ബൈഡനുനേരെ ആക്രമണം തുടർന്നു. ബൈഡൻ അമേരിക്കയെ വിസ്മൃതിയിലേക്കാണ് നയിക്കുന്നതെന്നും 2024 അന്തിമപോരാട്ടമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ‘ബൈഡൻ കുറ്റവാളിയാണ്. ഞാൻ തെരഞ്ഞെടുക്കപ്പെട്ടാൽ ആഗോളവാദികളെയും കമ്മ്യൂണിസ്റ്റുകളെയും യുദ്ധവീരന്മാരെയുമെല്ലാം പുറത്താക്കും.’-ട്രംപ് വ്യക്തമാക്കി.