ബെയ്ജിങ് : പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ മൂന്നാം തുടർഭരണത്തിന്റെ ഔപചാരിക തുടക്കം പ്രഖ്യാപിച്ച് അവതരിപ്പിച്ച ദേശീയ ബജറ്റിൽ പ്രതിരോധച്ചെലവ് വർധിപ്പിച്ച് ചൈന. അതിർത്തിമേഖലകളിൽ യുദ്ധസജ്ജരായിരിക്കാൻ സൈന്യത്തോട് പ്രധാനമന്ത്രി ലീ കെച്യാങ് നിർദേശിച്ചു.
10 വർഷത്തിനുശേഷം സ്ഥാനമൊഴിയുന്ന രീതിയാണു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴ്‌വഴക്കമെങ്കിലും ഷി ചിൻപിങ്ങിനെ പാർട്ടിയുടെ പരമോന്നത നേതാവായി തിരഞ്ഞെടുത്ത ചൈനീസ് പാർട്ടി കോൺഗ്രസ് കഴിഞ്ഞ ഒക്ടോബറിൽ മൂന്നാം ഊഴത്തിന് അംഗീകാരം നൽകി പാർട്ടി ഭരണഘടനാഭേദഗതി വരുത്തിയിരുന്നു.
തുടർച്ചയായി എട്ടാം വർഷമാണു ചൈന പ്രതിരോധ ബജറ്റ് വർധിപ്പിക്കുന്നത്. ഈ ബജറ്റിൽ 7.2% ആണ് വർധന. അതേ സമയം, 5% ആണ് രാജ്യം ഈ വർഷം പ്രതീക്ഷിക്കുന്ന വളർച്ചാനിരക്ക്. ആഭ്യന്തര മാന്ദ്യം നിലനിൽക്കെ വളർച്ചാ നിരക്കിൽ കുറവ് പ്രതീക്ഷിക്കുമ്പോഴും പ്രതിരോധച്ചെലവു വർധിപ്പിക്കുന്നത് ആസന്നമായ സൈനികനടപടികൾ മുന്നിൽക്കണ്ടാണെന്നാണു വിലയിരുത്തൽ. സൈനികശേഷി വർധിപ്പിച്ചും യുദ്ധസജ്ജരായും ഏകോപനം കർശനമാക്കേണ്ടതുണ്ടെന്ന് പാർലമെന്റിന്റെ വാർഷിക പ്രവർത്തന റിപ്പോർട്ടിൽ ലീ കെച്യാങ് വ്യക്തമാക്കി.
10 വർഷ കാലാവധി പൂർത്തിയാക്കി പ്രസിഡന്റ് ലീ കെച്യാങ് (67) സ്ഥാനമൊഴിയുമ്പോൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലീ ചിയാങ്ങിനാണു സാധ്യത.