തിരുവനന്തപുരം: വഴിയോരവിശ്രമ കേന്ദ്രത്തിനായി വിട്ടുനല്‍കുന്ന ഭൂമിയുടെ കമ്പോള വില നിശ്ചയിച്ചിട്ടില്ലെന്ന ഓകില്‍ (OKIHL) കമ്പനിയുടെ വാദം പച്ചക്കള്ളമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കമ്പോള വില നിശ്ചയിച്ചത് സർക്കാർ രേഖകളിൽ വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2022 ജൂലൈ 28 ലെ മന്ത്രിസഭാ കുറിപ്പിലും തൊട്ടടുത്ത ദിവസം ഇറക്കിയ ഉത്തരവിലും ഇത് വ്യക്തമാണ്. ഓകിലിന്‍റെ കീഴിലുള്ള റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡും റിയൽ എസ്സ്റ്റേറ്റ് ട്രസ്റ്റുമായി ഉള്ള കരാർ എന്താണെന്നും ഇവരുമായുള്ള ധാരാണപത്രം പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആലപ്പുഴയിലെയും കാസർഗോട്ടെയും വസ്തുക്കളുടെ കമ്പോളവില നിശ്ചയിച്ചിട്ടില്ലെന്ന ഓകില്‍ കമ്പനിയുടെ വാദമാണ് രമേശ് ചെന്നിത്തല തെളിവുകള്‍ നിരത്തി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയത്. കമ്പോളവില നിശ്ചയിച്ചതിന്‍റെ കുറിപ്പ് സർക്കാർ ഉത്തരവിൽ വ്യക്തമാണ്. ആലപ്പുഴയിലെ വസ്തുവിന് 45 കോടിയും കാസർഗോട്ടെ വസ്തുവിന് 7 കോടി 35 ലക്ഷ വും നിശ്ചയിച്ചതായി പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ 2022 ജൂലൈ 28ന് ചേർന്ന യോഗത്തിലാണ് വസ്തുവിന്‍റെ കമ്പോളവില നിശ്ചയിച്ചത്. തൊട്ടടുത്ത ദിവസം ഇറങ്ങിയ സർക്കാർ ഉത്തരവിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല പദ്ധതി തുടങ്ങാൻ ഒകിലിന് കമ്പോള വില ഗ്രാന്‍റായി നൽകണമെന്നും തീരുമാനിച്ചു. ഈ പ്രത്യേക താത്പര്യത്തിന് പിന്നില്‍ എന്താണെന്നത് പുറത്തുവരേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാർ കമ്പനിയായി ഓകിലും, അതിനു കീഴിൽ രണ്ട് സ്വകാര്യ കമ്പനി വന്നതിലുമെല്ലാം ദുരൂഹതയുണ്ട്. സർക്കാരിന്‍റെ കീഴിലെ കമ്പനിയാണ് ഓകിൽ എങ്കിൽ ഇതിനു കീഴിലുള്ള റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡും റിയൽ എസ്റ്റേറ്റ് ട്രസ്റ്റുമായി ഉള്ള കരാർ എന്താണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഈ സ്വകാര്യ കമ്പനികളുമായി ഓകിൽ ഉണ്ടാക്കിട്ടുള്ള ധാരാണാപത്രം പുറത്തു വിടണമെന്നും ജനങ്ങള്‍ക്ക് ഇതെല്ലാം അറിയേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്മാർട്ട് സിറ്റിയിൽ നിന്നും പുറത്താക്കിയ ആളെ വിജിലൻസ് ക്ലിയറൻസ് പോലുമില്ലാതെ സർക്കാർ ഹോൾഡിംഗ് കമ്പനിയുടെ എംഡിയായി എങ്ങനെയാണ് നിയമിച്ചതെന്ന് വ്യക്തമാക്കണം. ഇനിയെങ്കിലും സർക്കാർ ഭൂമി സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുക്കുന്ന കൊള്ളയിൽനിന്ന് സർക്കാർ പിന്മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.