Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകിറ്റെക്സിന് തെലങ്കാനയിലും രക്ഷയില്ല: സ്ഥലം ഏറ്റെടുപ്പ് കർഷക പ്രതിഷേധത്തെ തുടർന്ന് നീളുന്നു

കിറ്റെക്സിന് തെലങ്കാനയിലും രക്ഷയില്ല: സ്ഥലം ഏറ്റെടുപ്പ് കർഷക പ്രതിഷേധത്തെ തുടർന്ന് നീളുന്നു

ഹൈദരാബാദ്: സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടി കേരളം വിട്ട കിറ്റെക്‌സിന് തെലങ്കാനയിലും തിരിച്ചടി. തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ രണ്ടു വർഷംമുൻപ് പ്രഖ്യാപിച്ച ആയിരം കോടിയുടെ വമ്പൻ പദ്ധതിയുടെ ഭാഗമായുള്ള സ്ഥലം ഏറ്റെടുപ്പ് കർഷക പ്രതിഷേധത്തെ തുടർന്ന് നീളുന്നു. കഴിഞ്ഞ ദിവസം സർവേ നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.

നിരന്തര പരിശോധനകളും റെയ്ഡുമായി വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് 2021ൽ കിറ്റെക്‌സ് സംസ്ഥാന സർക്കാരുമായുള്ള 3,500 കോടി രൂപയുടെ കരാർ റദ്ദാക്കിയത്. കേരളത്തിൽ ലക്ഷക്കണക്കിനുപേർക്ക് ജോലി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതി മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കുമെന്ന് എം.ഡി സാബു എം. ജേക്കബ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കിറ്റെക്‌സിന് തെലങ്കാനയിൽനിന്ന് ക്ഷണം ലഭിച്ചത്.

തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവുമായി നടത്തിയ ചർച്ചയിൽ 1,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ധാരണയായി. വാറങ്കലിലെ ഗീസുഗോണ്ട മണ്ടലിലുള്ള ശ്യാംപേട്ടിൽ 187 ഏക്കറാണ് കിറ്റെക്‌സിന് തെലങ്കാന സർക്കാർ അനുവദിച്ചത്. ഇവിടെ കാക്കാത്തിയ മെഗാ ടെക്സ്റ്റൈൽ പാർക്കിനായി സംസ്ഥാനം കണ്ടെത്തിയ 1,200 ഏക്കർ ഭൂമിയിലായിരുന്നു പദ്ധതി.

ഗീസുഗോണ്ട മുതൽ സംഘം വരെ പരന്നുകിടക്കുന്ന വിസ്തൃതമായ ഭൂമിയിൽ രണ്ട് വസ്ത്ര വ്യവസായ യൂനിറ്റുകൾ ആരംഭിക്കുമെന്നായിരുന്നു തെലങ്കാനയിലെ കെ. ചന്ദ്രശേഖർ റാവു സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ ഒരു യൂനിറ്റായാണ് കിറ്റെക്‌സിനെ തിരഞ്ഞെടുത്തത്. പദ്ധതി വഴി ആയിരങ്ങൾക്ക് ജോലി നൽകുമെന്ന് രാമറാവുമായുള്ള കൂടിക്കാഴ്ചയിൽ സാബു എം. ജേക്കബ് ഉറപ്പുനൽകുകയും ചെയ്തു.

കരാർ പ്രകാരം 2022 മേയ് മാസം സാബു അടക്കമുള്ള കിറ്റെക്‌സ് വൃത്തങ്ങളുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ ശിലാസ്ഥാപനം കെ.ടി രാമറാവു നിർവഹിക്കുകയും ചെയ്തിരുന്നു. ഭൂമിപൂജ അടക്കമുള്ള ചടങ്ങുകളിലും മന്ത്രി പങ്കെടുത്തു. എന്നാൽ, നേരത്തെ അനുവദിച്ച സ്ഥലത്തിനു പുറമെ ചുറ്റുമതിൽ കെട്ടാനായി 13.29 ഏക്കർ ഭൂമി കൂടി കമ്പനി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കർഷകരുടെ പാട്ടഭൂമിയുടെ വലിയൊരു ഭാഗം കിറ്റെക്‌സ് അധികം ആവശ്യപ്പെട്ട 13 ഏക്കറിൽ ഉൾപ്പെടും. കമ്പനിയുടെ ആവശ്യ പ്രകാരം റവന്യു ജീവനക്കാർ കഴിഞ്ഞ ശനിയാഴ്ച സർവേ നടപടികൾക്കായി സ്ഥലത്തെത്തി. എന്നാൽ, കർഷകരുടെ ഭാഗത്തുനിന്ന് വൻ പ്രതിഷേധമാണ് നേരിട്ടതെന്ന് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു.

നേരത്തെ, കർഷകരിൽനിന്ന് ഏറ്റെടുത്ത ഭൂമിയിലാണ് ടെക്‌സ്റ്റൈൽ പാർക്ക് വരുന്നത്. അഞ്ചുവർഷം മുൻപ് സ്ഥലം ഏറ്റെടുക്കുമ്പോൾ സർക്കാർ നൽകിയ വാഗ്ദാനങ്ങളും കരാറുകളും ഇനിയും പാലിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. ഏക്കറിന് 50 ലക്ഷം രൂപ വിലയുള്ള ഭൂമിക്ക് 10 ലക്ഷം മാത്രമാണ് കർഷകർക്ക് ലഭിച്ചത്. ഇതോടൊപ്പം ഏറ്റെടുത്ത ഓരോ ഏക്കറിനും പകരം വീടുനിർമിക്കാനായി നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്ത ഭൂമി ലഭിച്ചില്ല. ടെക്‌സ്റ്റൈൽ പാർക്കിൽ കുടുംബത്തിൽനിന്ന് ഒരാൾക്കു വീതം ജോലി നൽകാമെന്ന വാഗ്ദാനവും ഇതുവരെ നിറവേറ്റിയിട്ടില്ല.

നല്ല ഫലഭൂയിഷ്ടമായ ഭൂമിയാണ് സർക്കാർ തങ്ങളിൽനിന്ന് ഏറ്റെടുത്തതെന്നും കർഷകർ ആരോപിക്കുന്നു. വർഷത്തിൽ മൂന്നു തവണ വരെ വിളവെടുപ്പ് നടത്താവുന്ന തരത്തിൽ ഫലഭൂയിഷ്ടമാണ് ഭൂമിയെന്നാണ് ഇവർ പറയുന്നത്. എന്നാൽ, നേരത്തെ വിട്ടുനൽകിയ ഭൂമിക്കു പുറമെ കിറ്റെക്‌സ് അധികം ആവശ്യപ്പെട്ട 13.29 ഏക്കർ ഭൂമി കൂടി ഒഴിഞ്ഞുകൊടുക്കണമെന്ന് മാസങ്ങൾക്കുമുൻപ് കർഷകർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. നോട്ടീസ് പ്രകാരം സർവേ നടപടികൾക്കായി ആറുമാസം മുൻപ് റവന്യൂ ഉദ്യോഗസ്ഥർ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടിവന്നു. കഴിഞ്ഞ ദിവസം കർഷക പ്രതിഷേധം മുൻകൂട്ടിക്കണ്ട് വൻ പൊലീസ് സന്നാഹവുമായാണ് ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ, വീണ്ടും ശക്തമായ കർഷക പ്രതിഷേധമാണ് ഉദ്യോഗസ്ഥർ നേരിട്ടത്. കീടനാശിനികളുമായി കർഷകർ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments