പൊങ്കാല ചടങ്ങുകൾ തുടങ്ങി ഭക്തി സാന്ദ്രമായി തിരുവനന്തപുരം നഗരം. ക്ഷേത്ര നഗരവീഥികളും ഭക്ത സഹസ്രങ്ങളാൽ നിറഞ്ഞു. ആറ്റുകാലിൽ പൊങ്കാലയ്ക്കെത്തിയ രണ്ടു കുരുന്നുകളാണ് ശ്രദ്ധേയമാവുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി കാണണമെന്ന് ആഗ്രഹത്തോടെയാണ് രണ്ടു കുട്ടികൾ ആറ്റുകാലിൽ പൊങ്കാല അർപ്പിക്കാനെത്തിയത്.
തിരുവനന്തപുരം സ്വദേശികളായ നിവേദും നിവേദിതയുമാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹത്തോടെ പൊങ്കാലയ്ക്കെത്തിയത്. എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ഇത്ര ആഗ്രഹമെന്ന് നിവേദിതയോട് ചോദിച്ചാൽ ‘പാവങ്ങളെ ഒരുപാട് സഹായിച്ചു, പാവങ്ങൾക്ക് വേണ്ടി കന്യാകുമാരി മുതൽ കാശ്മീർ വരെ അദ്ദേഹം പോരാടി’ എന്നായിരിക്കും മറുപടി.
നിവേദിനോട് ചോദിച്ചാലും ഇത് തന്നെയാണ് മറുപടി. രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകണമെന്ന പ്രാർഥനയോടെയാണ് പൊങ്കാലയ്ക്കെത്തിയിരിക്കുന്നതെന്ന് നിവേദ് പറയുന്നു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ഇരുവരും പങ്കെടുത്തിട്ടുണ്ട്.
കരമന തൊട്ട് കിള്ളിപ്പാലം വരെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ഇരുവരും അണിനിരന്നിരുന്നു. നിവേദിത മൂന്നാം ക്ലാസിലും നിവേദ് ഒന്നാം ക്ലാസ് വിദ്യാർഥിയുമാണ്. മതാപിതാക്കൾക്കൊപ്പമാണ് ഇരുവരും പൊങ്കാലക്കെത്തിയത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് പിതാവ് ഹൈദരാലിയുടെയും ആഗ്രഹം.