പട്ന : ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ സിബിഐ സംഘം ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്തു. ന്യൂഡൽഹിയിൽ ലാലുവിന്റെ മകൾ മിസാ ഭാരതി എംപിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചോദ്യം ചെയ്യൽ.
അടുത്തിടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ ലാലുവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അണുബാധ ഒഴിവാക്കാൻ മെഡിക്കൽ പ്രോട്ടോകോൾ പാലിച്ചായിരുന്നു ചോദ്യം ചെയ്യൽ. ഉദ്യോഗസ്ഥർ മാസ്ക് ധരിക്കുകയും ലാലുവിൽനിന്ന് അകലം പാലിക്കുകയും ചെയ്തു. ചോദ്യം ചെയ്യൽ മൂന്നു മണിക്കൂർ നീണ്ടു. വീണ്ടും ചോദ്യം ചെയ്യലുണ്ടാകുമെന്നു സിബിഐ വൃത്തങ്ങൾ അറിയിച്ചു.ലാലു യാദവിന്റെ ആരോഗ്യസ്ഥിതി മാനിക്കാതെ സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിൽ മകൾ മിസ ഭാരതി പ്രതിഷേധിച്ചു. തന്റെ പിതാവിനെ സിബിഐ നിരന്തരം വേട്ടയാടുകയാണെന്നും അദ്ദേഹത്തിനെന്തെങ്കിലും സംഭവിച്ചാൽ ആരെയും വെറുതെ വിടില്ലെന്നും മിസ ഭാരതി മുന്നറിയിപ്പു നൽകി.
ഇതേ കേസിൽ ലാലുവിന്റെ പത്നി റാബ്റി ദേവിയെ കഴിഞ്ഞ ദിവസം പട്നയിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. ലാലു യാദവ് കേന്ദ്ര റയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്ക് പകരം ഉദ്യോഗാർഥികളിൽനിന്നു ഭൂമി ലാലു കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ തുച്ഛമായ തുകയ്ക്ക് എഴുതി വാങ്ങിയിരുന്നുവെന്നാണ് കേസ്.