കൊച്ചി: പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ അപേക്ഷ നല്കുമ്പോള് കരുതല്‍ വേണമെന്ന് കേരള പോലീസ്. തൃശൂരില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച യുവതിയില്‍ നിന്നും ഓണ്‍ലൈന്‍ കുറ്റവാളികള്‍ പണം തട്ടിയെടുത്ത കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പോലീസിന്റെ മുന്നറിയിപ്പ്.
പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ബുക്കിംഗ്, രേഖകള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയവ കഴിയുന്നിടത്തോളം സ്വന്തം കംപ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ വഴി മാത്രം ചെയ്യുകയെന്നാണ് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുന്നത്. അല്ലെങ്കില്‍ വിശ്വസനീയമായ സേവന കേന്ദ്രങ്ങളെ ആശ്രയിക്കാം.
വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളിലൂടെ സമര്‍പ്പിക്കുന്ന നിങ്ങളുടെ രേഖകള്‍, ഫോട്ടോ, മൊബൈല്‍ഫോണ്‍ നമ്പര്‍ തുടങ്ങിയവ അവരുടെ കംപ്യൂട്ടറില്‍ ശേഖരിക്കപ്പെടുന്നു. അത് പിന്നീട് ദുരുപയോഗം ചെയ്തേക്കാം.
പാസ്പോര്‍ട്ട്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ പോലീസ് അന്വേഷണ നിജസ്ഥിതി അറിയുന്നതിന് https://evip.keralapolice.gov.in/ എന്ന സൈറ്റ് സന്ദര്‍ശിക്കുക