പത്തനംതിട്ട : പോക്സോ കേസിൽ നാളെ വിചാരണ തുടങ്ങാനിരിക്കെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ പന്നിവിഴ പുത്തൻവീട്ടിൽ നാരായണൻകുട്ടി(72)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെയാണ് ഇയാളെ വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ എഴുതിയതെന്നു കരുതുന്ന ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു.
2021ൽ റജിസ്റ്റർ ചെയ്തെ പോക്സോ കേസിലെ ഒന്നാം പ്രതിയാണ് നാരായണൻകുട്ടി. തനിക്കെതിരെയുള്ള പോക്സോ കേസ് കള്ളമാണെന്നാണ് ഇയാളുടെ കുറിപ്പിലുള്ളത്. ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്നതിനാൽ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. പോക്സോ കേസിൽ വ്യാഴാഴ്ച അതിവേഗ കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെയാണ് മരണം. കോടതിയിൽ ഹാജരാകാനുള്ള അറിയിപ്പ് കിട്ടയതു മുതൽ ഇയാൾ വളരെ അസ്വസ്ഥനായിരുന്നു എന്നാണ് ബന്ധുക്കൾ അറിയിച്ചത്.