നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നാഗാലാന്‍ഡില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാതെ ബിജെപി-എന്‍ഡിപിപി സഖ്യത്തിന് പിന്തുണ നല്‍കുകയാണെന്ന് ശരദ് പവാറിന്റെ എന്‍സിപി ഔദ്യോഗികമായി അറിയിച്ചു. നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോയെ പിന്തുണയ്ക്കുന്നുവെന്നും അതാണ് സംസ്ഥാനത്തിന്റെ താത്പര്യമെന്നും എന്‍സിപി വിശദീകരിച്ചു. ഇതോടെ നാഗാലാന്‍ഡില്‍ ബിജെപി ഇതര പാര്‍ട്ടികള്‍ പദ്ധതിയിട്ടിരുന്ന പ്രതിപക്ഷ ഐക്യ നീക്കത്തില്‍ കൂടിയാണ് വിള്ളല്‍ വീഴുന്നത്.
നാഗാലാന്‍ഡില്‍ 12 സീറ്റുകളിലാണ് എന്‍സിപി മത്സരിച്ചിരുന്നത്. ഇതില്‍ ഏഴ് സീറ്റുകൡ പാര്‍ട്ടിക്ക് വിജയിക്കാനായി. ഇതിനാല്‍ എന്‍സിപി പ്രധാന പ്രതിപക്ഷമാകുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. മാര്‍ച്ച് നാലിന് കൊഹിമയില്‍ ചേര്‍ന്ന എന്‍സിപിയുടെ നാഗാലാന്‍ഡ് നിയമസഭാ കക്ഷിയുടെ ആദ്യ യോഗത്തില്‍ പാര്‍ട്ടി സര്‍ക്കാരിന്റെ ഭാഗമാകണമോ അതോ പ്രധാന പ്രതിപക്ഷത്തിന്റെ റോള്‍ വഹിക്കുമോ എന്നതിനെക്കുറിച്ചാണ് പ്രധാനമായും ആലോചിച്ചിരുന്നത്. പിന്നീട് സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ തന്നെയാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് എന്‍സിപി പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ പൊതുതാത്പര്യവും തങ്ങളുടെ എംഎല്‍എമാര്‍ റിയോയോട് പുലര്‍ത്തുന്ന ആത്മബന്ധവും കണക്കിലെടുത്താണ് പ്രതിപക്ഷത്ത് ഇരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് എന്‍സിപി പറഞ്ഞു. പല സംസ്ഥാനങ്ങളിലും എന്‍സിപി ബിജെപിയെ ശക്തമായി എതിര്‍ക്കുന്നതിനിടെയാണ് ഇങ്ങനെയൊരു നീക്കമെന്നതും ശ്രദ്ധേയമാണ്. ബിജെപി വിഷയത്തില്‍ ഔദ്യോഗിമായി പ്രതികരിച്ചിട്ടില്ല.