കണ്ണൂർ: ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ പേരിലുള്ള മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിന് ആദായനികുതി വകുപ്പിന്റെ നോട്ടിസ്. ടാക്സ് ഡിഡക്‌റ്റഡ് അറ്റ് സോഴ്സ് (ടിഡിഎസ്) വിഭാഗമാണു നോട്ടിസ് നൽകിയത്.
റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങളും രേഖകളും മാത്രമല്ല, ഉടമകളുടെ നിക്ഷേപം സംബന്ധിച്ച രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഷെയർ ഉടമകൾ ആരൊക്കെയാണെന്നും അവർക്ക് എത്ര വീതം ഓഹരികൾ ഉണ്ടെന്നും ആരാഞ്ഞാണു നോട്ടിസ് നൽകിയത്.റിസോർട്ടിനായി ഭൂമി വാങ്ങിയതിന്റെ വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്.
നിർമാണം നടത്തിയ കരാറുകാരിൽ നിന്ന് ഈടാക്കിയ നികുതി കൃത്യമായി അടച്ചിട്ടുണ്ടോയെന്നു നോക്കുന്നതായാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ഉടമകളുടെ നിക്ഷേപം സംബന്ധിച്ച വിശദാംശങ്ങൾ തേടിയതിൽ നിന്ന്, റിസോർട്ടിന്റെ സാമ്പത്തിക സ്രോതസ്സും പണമിടപാടുകളും സംബന്ധിച്ചു വ്യക്തത വരുത്തുകയാണു യഥാർഥ ലക്ഷ്യമെന്നു സൂചനയുണ്ട്. ടിഡിഎസ് വിഭാഗം കഴിഞ്ഞ 2ന് വൈദേകത്തിൽ പരിശോധന നടത്തിയിരുന്നു.
കമ്പനിയുടെ ഷെയർ ഉടമകളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നേരത്തേ തന്നെ സർക്കാരിന്റെ കൈവശമുണ്ടെന്നും എന്നാൽ ആവശ്യപ്പെട്ട് സ്ഥിതിക്ക് പൂർണ വിവരങ്ങൾ വീണ്ടും നൽകിയിട്ടുണ്ടെന്നും വൈദേകം സിഇഒ തോമസ് ജോസഫ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആദായ നികുതി വകുപ്പ് റിസോർട്ടിൽ നടത്തിയ സർവേയുമായി ബന്ധപ്പെട്ടാണു വീണ്ടും ചോദിച്ചത്. 2014ൽ വൈദേകം നിർമാണ സമയത്ത് വലിയ തുകയ്ക്കുള്ള ടിഡിഎസ് അടച്ചിരുന്നു. എന്നാൽ ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ ഇല്ലാതാവുകയും കമ്പനിയുടെ പ്രവർത്തനം പൂർണ തോതിൽ ഇല്ലാതാവുകയും ചെയ്തതോടെ ടിഡിഎസ് അടയ്ക്കുന്നതിനും കുറവ് വന്നിട്ടുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ വർഷങ്ങൾ കഴിയുമ്പോൾ സർവേകളും ചോദ്യങ്ങളും സാധാരണമാണെന്നും കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും തോമസ് ജോസഫ് പറഞ്ഞു.