കോട്ടയം: യാത്രാടിക്കറ്റ് ഉണ്ടായിട്ടും ഇംഗ്ലണ്ടിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതിനാൽ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന യാത്രക്കാരന് എയർ ഇന്ത്യ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. കോട്ടയം ഉദയനാപുരം തെനാറ്റ് ആന്‍റണി നൽകിയ പരാതിയിലാണ് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്‍റും ആർ. ബിന്ദു, കെ.എം. ആന്‍റോ എന്നിവർ അംഗങ്ങളുമായുള്ള കോട്ടയം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷന്‍റെ ഉത്തരവ്.
2018 ആഗസ്റ്റ് 28ന് ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കുന്ന മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ആഗസ്റ്റ് 25ന് കൊച്ചിയിൽനിന്നുള്ള എയർഇന്ത്യ വിമാനത്തിൽ ആന്‍റണി ടിക്കറ്റ് ബുക്ക് ചെയ്തത്. കൊച്ചിയിൽനിന്ന് യാത്ര ചെയ്യാനാവാതെ വന്നതോടെ ആന്‍റണി ഡൽഹിയിൽനിന്നുള്ള എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ ബർമിങ്ഹാമിലേക്കുള്ള ടിക്കറ്റെടുത്തു. എന്നാൽ, ബ്രിട്ടനിലെ സ്ഥിരതാമസ പെർമിറ്റുള്ള ആന്‍റണി രണ്ടുവർഷത്തിൽ കൂടുതൽ ബ്രിട്ടന് പുറത്ത് താമസിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എയർ ഇന്ത്യ യാത്ര വിലക്കിയത്.