കുവൈത്തിൽ 60 വയസ്സിനു മുകളിലുള്ള പ്രവാസി തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് റെസിഡൻസി -ഇഖാമ- പുതുക്കാൻ അനുമതി നൽകുന്നു. 60 വയസ്സും അതിൽ കൂടുതലുമുള്ള യൂണിവേഴ്‌സിറ്റി ബിരുദധാരികളല്ലാത്ത പ്രവാസികൾക്ക് സ്വകാര്യ മേഖലയിലേക്ക് ഇഖാമ മാറ്റാമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ അസീൽ അൽ മസ്യാദ് അറിയിച്ചു. അടുത്ത ദിവസം മുതൽ പുതിയ ഭേദഗതി പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചു. ഇതോടെ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ആശ്രിത വിസയിലുള്ളവർക്കും നിക്ഷേപക-വാണിജ്യ വിസയിലുള്ളവർക്കും സ്വകാര്യ മേഖലയിലേക്ക് ഇഖാമ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. ഇഖാമ പുതുക്കുമ്പോഴുള്ള ആരോഗ്യ ഇൻഷുറൻസ്, ഇഖാമ ഫീസ് എന്നിവയിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.
പുതിയ ഭേദഗതി നടപ്പാകുന്നത് മലയാളികൾ ഉൾപ്പടെയുള്ള നൂറുക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. റസിഡൻസ് നിയമത്തിലെ ആർട്ടിക്കിൾ 24 അനുസരിച്ചാണ് പുതിയ ഭേദഗതി നടപ്പാക്കിയത്. ഇതോടെ കുവൈത്തിൽ തുടരേണ്ടവർ നിലവിലെ ഇഖാമ ഫീസും ഇൻഷുറൻസ് തുകയും നൽകേണ്ടിവരും. വൻ തുക നൽകി ഇഖാമ പുതുക്കുന്നത് കുറഞ്ഞ വരുമാനക്കാർക്ക് പ്രയാസം സൃഷ്ടിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് പ്രവാസികളാണ് തിരികെ പോയത്.