ന്യൂഡൽഹി : ഓയോ റൂംസ് സ്ഥാപകൻ റിതേഷ് അഗർവാളിന്റെ പിതാവ് രമേഷ് അഗർവാൾ ബഹുനില കെട്ടിടത്തിൽനിന്ന് വീണു മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഡിഎൽഎഫ് ഫ്ലാറ്റിന്റെ ഇരുപതാം നിലയിൽനിന്ന് ഒരാൾ താഴേക്കു വീണതായി ഉച്ചയ്ക്ക് ഒരു മണിയോടെ വിവരം ലഭിച്ചെന്നാണ് പൊലീസ് ഭാഷ്യം. ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രമേഷ് അഗർവാളാണെന്ന് തിരിച്ചറിഞ്ഞത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. റിതേഷിന്റെ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് രമേഷിന്റെ ദാരുണ മരണം. ഡൽഹിയിലെ താജ് പാലസ് ഹോട്ടലിൽ മാർച്ച് ഏഴിനാണ് റിതേഷിന്റെ വിവാഹ റിസപ്ഷൻ ആഡംബരത്തോടെ സംഘടിപ്പിച്ചത്. പിതാവിന്റെ മരണം കനത്ത നഷ്ടമാണെന്നും വിഷമഘട്ടങ്ങളിൽ എന്നും താങ്ങായി നിന്നത് പിതാവാണെന്നും റിതേഷ് പ്രതികരിച്ചു.