യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കിയ്ക്ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഓസ്കാര്‍ വേദിയില്‍ പ്രസംഗിക്കാന്‍ സാധിക്കില്ല. പ്രസംഗിക്കാനുള്ള അനുമതി ഓസ്കാര്‍ നിഷേധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം ഗ്രാമി, ഗോൾഡൻ ഗ്ലോബ് അവാർഡ്, കാൻ ഫിലിം ഫെസ്റ്റിവൽ, ബെർലിൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ വിവിധ പുരസ്കാര വേദികളില്‍ വൊളോഡിമര്‍ സെലന്‍സ്കി വിഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി ഓസ്കാര്‍ വേദിയിലും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കിയെ ഉൾപ്പെടുത്തണമെന്ന് ഡബ്ല്യുഎംഇ പവർ ഏജന്‍റ് മൈക്ക് സിംപ്സൺ അക്കാദമിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാല്‍ ഓസ്കാര്‍ അഭ്യര്‍ത്ഥന നിരസിച്ചതായാണ് റിപ്പോര്‍ട്ട്.
2022 ലെ ഓസ്കാര്‍ പുരസ്കാര ചടങ്ങിലും വൊളോഡിമര്‍ സെലന്‍സ്കി പങ്കെടുക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സെലെൻസ്‌കിക്ക് അത്തരമൊരു അവസരം നല്‍കുന്നതില്‍ ആശങ്കയുണ്ടെന്നാണ് ഓസ്‌കാർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വിൽ പാക്കർ മിസ്റ്റർ അന്ന് പ്രതികരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ 2022 ലെ ഓസ്കാര്‍ ചടങ്ങില്‍ ഒരു നിമിഷം നിശബ്ദത ആചരിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ട് ഇത്തവണയും സെലന്‍സ്കിയ്ക്ക് അനുവാദം നിഷേധിച്ചു എന്നത് വ്യക്തമല്ല. എന്നിരുന്നാലും ചലച്ചിത്രനിര്‍മാണ മേഖലയില്‍ തന്നെ ചിന്ത കേന്ദ്രീകരിക്കാനും ലോക രാഷ്ട്രീയ ഭൂപടത്തില്‍ ഇടപെടാതിരിക്കാനുമാണ് ഓസ്കാര്‍ പലപ്പോഴും ശ്രമിച്ചിരുന്നത്.
അതേസമയം സെലന്‍സ്കിക്ക് അനുമതി നിഷേധിക്കുന്ന ആദ്യത്തെ പുരസ്കാര ചടങ്ങല്ല ഓസ്കാര്‍. സെപ്തംബറിൽ ടൊറന്റോ ഫിലിം ഫെസ്റ്റിവലും വിഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കാനുള്ള സെലന്‍സ്കിയുടെ അഭ്യര്‍ഥനയെ നിരസിച്ചിരുന്നു. ജനുവരിയിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാര ദാന ചടങ്ങിൽ സെലന്‍സ്കി പങ്കെടുത്തിരുന്നു. ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും ദശലക്ഷക്കണക്കിന് ആളുകളെ അപഹരിച്ചു എന്നാല്‍ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകില്ല എന്നാണ് അദ്ദേഹം അന്ന് പറഞ്ഞിരുന്നത്.