കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ ഇതുവരെ 678 പേർ ചികിത്സ തേടിയെന്ന് മന്ത്രി പി രാജീവ്. ഇതിൽ 471 പേർ ക്യാമ്പിൽ പങ്കെടുത്തവരാണ്. ആർക്കും ഗുരുതര പ്രശ്‌നമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മപുരത്ത് അസാധാരണ സാഹചര്യമാണെന്ന് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. ഹരിത കർമസേന അജൈവമാലിന്യങ്ങൾ ശേഖരിക്കും. സർക്കാർ ആവിഷ്‌കരിച്ച കർമപരിപാടി യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തുതീർക്കും. ജൈവമാലിന്യം ഉറവിടത്തിൽതന്നെ സംസ്‌കരിക്കുമെന്നും തദ്ദേശമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ബഹ്മപുരം മാലിന്യ പ്ലാന്റിൽ ഹൈക്കോടതി നിരീക്ഷണ സമിതിയെ പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സമിതി ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ സ്ഥലം സന്ദർശിക്കണം. കൊച്ചിക്കാർ എത്രനാൾ പുക സഹിക്കേണ്ടിവരുമെന്ന ചോദ്യവും കോടതി ഉയർത്തി. ഖരമാലിന്യ സംസ്‌കരണത്തിനായുള്ള കർമ്മ പദ്ധതി സമർപ്പിക്കാൻ തദ്ദേശ സെകട്ടറിക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ കർശന ഇടപെടൽ. ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കലക്ടർ എന്നിവർ ഉൾപ്പെടുന്ന സമിതിയെയാണ് ബ്രഹ്മപുരത്ത് നിരീക്ഷണത്തിനായി നിയോഗിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ ജില്ലാ സെക്രട്ടറി എന്നിവരും സമിതിയിലുണ്ട്.
മാലിന്യപ്ലാന്റിലെ 80 ശതമാനം തീയും പുകയും അണച്ചുവെന്നും രണ്ട് സെക്ടറുകളിൽ രാത്രിയും പണി നടക്കുന്നുണ്ടെന്നുമാണ് കോർപ്പറേഷന്റെ വിശദീകരണം. ബ്രഹ്മപുരത്തെ അവസ്ഥ മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡും ചൂണ്ടിക്കാട്ടി.
പുകയുടെ അളവ് കുറഞ്ഞെങ്കിലും നിലവിലുള്ള തീവ്രത കൂടുതലല്ലേ എന്നും എത്രനാള്‍ ജനങ്ങൾ ഇത് സഹിക്കണമെന്നും കോടതി ആരാഞ്ഞു. കാറ്റിന്റെ ഗതി അനുസരിച്ച് പ്രവർത്തനം ക്രമീകരിക്കാനും കോടതി നിർദേശം നൽകി. പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് നിലച്ച മാലിന്യ ശേഖരണം നാളെ മുതൽ ആരംഭിക്കാനും ഹൈക്കോടതി നിർദേശിച്ചു.
മാലിന്യ നീക്കം തടസ്സപ്പെട്ടതു മൂലവും പുക കാരണവും ജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരവും ഉണ്ടാകണം. ഖര മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിശദമായ കർമ്മ പദ്ധതി സമർപ്പിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കോടതി നിർദേശം നൽകി.കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും .