ബെയ്ജിംഗ്: പ്രസിഡന്റ് ഷി ചിൻപിംഗിന്റെ വിശ്വസ്തനായ ലി ക്വിയാംഗിനെ പുതിയ പ്രധാനമന്ത്രിയായി ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി) തെരഞ്ഞെടുത്തു. പ്രധാനമന്ത്രിപദത്തിൽ രണ്ടുവട്ടം പൂർത്തിയാക്കിയതിനെത്തുടർന്ന് പടിയിറങ്ങുന്ന ലി കെജിയാംഗിനു പകരമായിട്ടാണ് നിയമനം.
ഷി കഴിഞ്ഞാൽ ചൈനയിലെ രണ്ടാമത്തെ നേതാവാണ് അറുപത്തിമൂന്നുകാരനായ ലി ക്വിയാംഗ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായ അദ്ദേഹം കേന്ദ്രഭരണത്തിൽ മുൻ പരിചയമില്ലാതെയാണ് പ്രധാനമന്ത്രിപദത്തിലേറിയിരിക്കുന്നത്. പ്രായോഗിക നേതാവായി അറിയപ്പെടുന്ന ലിയുടെ പ്രധാന ഉത്തരവാദിത്വം ചൈനീസ് സാന്പത്തികവ്യവസ്ഥയുടെ പുനരുജ്ജീവനമായിരിക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ചൈനയുടെ സാമ്പത്തിക തലസ്ഥനായ ഷാംഗ്ഹായിലെ മുൻ പാർട്ടി മേധാവിയായിരുന്ന ലി, കോവിഡ് കാലത്ത് കർശന ലോക്ഡൗൺ നടപ്പാക്കുന്നതിനു മേൽനോട്ടം വഹിച്ചിരുന്നു. അതേസമയം, കഴിഞ്ഞ വർഷത്തിന്റെ അവസാനം ജനകീയ പ്രതിഷേധം ശക്തമായപ്പോൾ ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളിൽ അയവു വരുത്തുന്നതിന് പ്രസിഡന്റ് ഷി ചിൻപിംഗിനുമേൽ സമ്മർദം ചെലുത്തിയതും അദ്ദേഹമാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.