കുവൈത്തില്‍ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. മൊബൈൽ ഫോൺ വിളിച്ചും വാട്സ് ആപ് സന്ദേശങ്ങൾ വഴിയും ലഭിക്കുന്ന വ്യാജ പേമെന്‍റ് ലിങ്കുകളോട് പ്രതികരിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. അറിയാത്ത ബാങ്ക് അഭ്യര്‍ത്ഥനകളോട് പ്രതികരിക്കരുത്. അക്കൗണ്ടുകള്‍ വേണ്ടത്ര സുരക്ഷിതമല്ലെങ്കില്‍ ഫോണില്‍ നിന്നും ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ ചോർത്താൻ കഴിയും.സംശയാസ്പദമായ അഭ്യര്‍ത്ഥനകള്‍ കണ്ടെത്തിയാല്‍ ഉടന്‍ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ പറഞ്ഞു.
പൊതു വൈഫൈ ഹോട് സ്പോട്ടുകൾ വഴി ബാങ്ക് ഓൺലൈൻ ഇടപാടുകൾ നടത്തരുതെന്നും ബാങ്കിടപാടുകൾ നടത്തുന്ന ഫോണിലെ വ്യക്തിഗത ഇൻറർനെറ്റ് ഡാറ്റകൾ മറ്റുള്ളവർക്ക് പങ്ക് വെക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.