കോട്ടയം: ജനകീയ പ്രതിരോഥ ജാഥ വേദിയിൽ അണികളോട് ദേഷ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വീകരണ പ്രസംഗം നടക്കുമ്പോൾ മുൻ നിരയിൽ നിന്നും അണികൾ എഴുന്നേറ്റു പോയതാണ് നേതാവിനെ ചൊടിപ്പിച്ചത്. സ്ത്രീ ശാക്തീകരണത്തെ കുറിച്ചു പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. മുൻനിരയിൽ ഇരുന്ന ഏതാനും വനിതകൾ എഴുന്നേറ്റു പോയതോടെ ‘എവിടെയാ പോകുന്നത്, കാര്യകാരണ നിയമം ഉണ്ട് പോകുന്നതിന്, വരുന്നതിനും ഒരു കാരണമുണ്ട്’ എന്ന് എം.വി ഗോവിന്ദൻ പറയുകയായിരുന്നു.
‘പോകുന്നവർ എഴുന്നേറ്റു പോകണം. ഞാൻ വളരെ സീരിയസായി പ്രസംഗിക്കാൻ പോകുകയാണ്. അതിനിടെ എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും പോയാൽ അതിന്റെ സീരിയസ്നസ് നഷ്ടപ്പെടും. യോഗം പൊളിക്കുന്നത് എങ്ങനെയെന്ന് ഗവേഷണം നടത്തുന്നവരുണ്ട്. യോഗം എങ്ങനെ നടത്തണം എന്നല്ല ഇവർ ചിന്തിക്കുന്നത്, യോഗം എങ്ങനെയാ പൊളിക്കുന്നത് എന്നാണ്’.
‘കാര്യം എനിക്കു മനസ്സിലായി. വാഹനത്തിൽ വന്നവർ ആയിരിക്കും. അവരെ ഒപ്പം കൊണ്ടുപോകേണ്ടേ, കുറച്ചു പേർ പോയിട്ടുണ്ടാകും. ബാക്കിയുള്ളവരെ പിടിക്കാൻ വന്നതാ. കാര്യം മനസ്സിലാകാഞ്ഞിട്ടല്ല, ആരെങ്കിലും ഉണ്ടെങ്കിൽ പോയ്‌ക്കോളൂ’ എന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. കെ റെയിലിനെപ്പറ്റി സംസാരിക്കുന്നതിനിടെ മുൻനിരയിൽ ഇരുന്ന ആളെ മറ്റൊരാൾ എത്തി വിളിക്കുന്നതു കണ്ടതോടെ വീണ്ടും എം.വി ഗോവിന്ദൻ പ്രകോപിതനായി.