തൃശ്ശൂർ: കേരളത്തെ രക്ഷിക്കാൻ വേണ്ടിയാണ് മോദി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃശ്ശൂരിലെ തേക്കിൻകാട് മൈതാനത്ത് നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ തുടക്കമാണ് ഇൗ റാലിയെന്നും കഴിഞ്ഞ ഒൻപത് കൊല്ലം കൊണ്ട് മോദി രാജ്യത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു.
യു.പി.എ കാലത്ത് പാക് തീവ്രവാദികൾ അക്രമം നടത്തിയാലും വോട്ട് ബാങ്കിനായി സർക്കാർ മിണ്ടാതിരിക്കുകയായിരുന്നു. മോദിയുടെ കാലത്ത് തീവ്രവാദികളുടെ വീട്ടിൽ കയറിയും തിരിച്ചടി നൽകുകയാണ്. കമ്യൂണിസ്റ്റിനെ ലോകവും കോൺഗ്രസിനെ രാജ്യവും നിരാകരിച്ചിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ പരസ്പരം തല്ലുന്നവർ തൃപുരയിൽ ഒന്നിച്ചു. എന്നാല്‍, ജനങ്ങൾ വിജയിപ്പിച്ചത് ബി.ജെ.പിയെയാണ്. ലോകാരാധ്യനായ മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് ഒരു കോൺഗ്രസ്സുകാരൻ പറഞ്ഞു. രാഹുൽ ഗാന്ധിയോട് പറയാനുള്ളത് എത്രത്തോളം മോദിയെ എതിർക്കുന്നോ അത്രത്തോളം മോദി ശക്തനാകുമെന്നുമെന്നാണ്. ഒരു ലക്ഷത്തി പതിനയ്യായിരം കോടി മോദി സർക്കാർ ടാക്സ് ഇനത്തിൽ കേരളത്തിന് നൽകി. കോൺഗ്രസ് ഭരിച്ചപ്പോഴിത് 45 ആയിരം കോടി മാത്രമാണെന്നും അമിത് ഷാ പറഞ്ഞു.