തിരുവനന്തപുരം: ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷി ചിൻപിങ് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക രാഷ്ട്രീയത്തില്‍ ചൈന മുഖ്യശബ്ദമായി ഉയര്‍ന്നുവരുന്നത് പ്രശംസനീയമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
‘‘പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിൻപിങ്ങിന് വിപ്ലവ ആശംസകൾ. ആഗോള രാഷ്ട്രീയത്തിലെ ഒരു മുഖ്യ ശബ്ദമായി ചൈന ഉയർന്നുവന്നത് പ്രശംസനീയമാണ്. കൂടുതൽ അഭിവൃദ്ധിപ്പെടാനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് ആശംസകൾ’’– ട്വീറ്റിൽ പറയുന്നു.
ആശംസ അറിയിച്ചതിനു പിന്നാലെ, ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതു ചൂണ്ടിക്കാണിച്ച് ട്വീറ്റിനു താഴെ പ്രതിഷേധ കമന്റുകളും നിറഞ്ഞു. ‘ഈ കരുതൽ സ്വന്തം നാടിനോട് കാണിച്ചൂടെ’, ‘ബ്രഹ്മപുരത്തെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വൻ വിപത്തിന് സാക്ഷിയാകും’, ‘ബ്രോ, ബ്രഹ്മപുരത്തെ കുറിച്ചു രണ്ടുവരി’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.