ക്രോയ്ഡണ്‍ : ബ്രിട്ടനിലെ 2025 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബാരോ ആന്‍ഡ് ഫര്‍നെസ് മണ്ഡലത്തില്‍ നിന്നും ലേബര്‍ പാര്‍ട്ടി സ്ഥാനാർഥിയായി മഞ്ജു ഷാഹുല്‍ ഹമീദ് ലോങ് ലിസ്റ്റ് ചെയ്യപ്പെട്ടു. 2025 ജനുവരി 24 ന് ശേഷം നടക്കാനിരിക്കുന്ന അടുത്ത തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു മത്സരാർഥികളില്‍ ഒരാളായാണ് ക്രോയ്ഡണ്‍ ബ്രോഡ് ഗ്രീന്‍ വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദിനെ ഉള്‍പ്പെടുത്തിയത്. ക്രോയ്ഡണില്‍ താമസിക്കുന്ന മലയാളിയും തിരുവനന്തപുരം വർക്കല സ്വദേശിനിയുമായ മഞ്ജു നിലവിൽ ക്രോയ്ഡണിലെ ബ്രോഡ് ഗ്രീന്‍ വാര്‍ഡിലെ കൗണ്‍സിലറാണ്.
2014 ൽ മഞ്ജു ക്രോയ്ഡോണിന്റെ മേയറായിരുന്നു. 1996 ല്‍ ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ടില്‍ ജോലി ചെയ്യുന്ന റാഫി ഷാഹുല്‍ ഹമീദിനെ വിവാഹം കഴിച്ചാണ് യുകെയില്‍ എത്തുന്നത്. ചെമ്പഴന്തി എസ്എന്‍ കോളേജില്‍ നിന്നും ബിരുദം നേടിയ മഞ്ജു ലണ്ടനിലെ ഗ്രീന്‍വിച്ച് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സയന്റിഫിക് ആന്‍ഡ് എൻജിനീയറിംഗ് സോഫ്റ്റ്‌വെയറില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ലണ്ടനിലെ പഠനകാലത്ത് വിദ്യാർഥി യൂണിയനിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ലണ്ടനിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രവാസി സമ്മേളനത്തിൽ പങ്കെടുത്ത മഞ്ജു അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ക്രിസ് ആള്‍ട്രീ, ട്രിസ് ബ്രൗണ്‍, എറിക്ക ലൂയിസ്, മിഷേല്‍ സ്‌ക്രോഗാം, മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവരാണ് മത്സരാർഥികളുടെ ലോങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതെന്ന് ലേബര്‍ പാര്‍ട്ടി ഓഫ് ബാരോ ആന്‍ഡ് ഫര്‍ണസ് സ്ഥിരീകരിച്ചു. മണ്ഡലം രൂപീകൃതമായ 1885 മുതൽ 5 തവണ ലേബർ പാർട്ടിയും ഒരു തവണ ലേബർ പിന്തുണയുള്ള സ്വതന്ത്രനും വിജയിച്ചു. കണ്‍സര്‍വേറ്റീവ് പാർട്ടി കഴിഞ്ഞ തവണ ഉൾപ്പടെ 6 തവണ വിജയിച്ചു. 3 തവണ ലിബറൽ പാർട്ടിയും ഒരു തവണ ലിബറൽ പിന്തുണയുള്ള സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്.
ബാരോ ആന്‍ഡ് ഫര്‍നെസ് ലേബര്‍ പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാനായിരുന്ന ക്രിസ് ആള്‍ട്രീയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. ഇത്തവണ ലോംഗ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടിട്ടുണ്ട്. എന്നാൽ മഞ്ജു ഷാഹുൽ ഹമീദിനെ മത്സരിപ്പിച്ചാൽ സീറ്റ് പിടിച്ചെടുക്കാൻ കഴിയുമെന്ന് ഒരു വിഭാഗം ലേബർ പാർട്ടി അംഗങ്ങൾ പറയുന്നു. ബ്രിട്ടനിലെ മുതിർന്ന രാഷ്ട്രീയ പത്രപ്രവര്‍ത്തകന്‍ മൈക്കല്‍ ക്രിക്കാണ് മഞ്ജു ഷാഹുല്‍ ഹമീദിന്റെ പേര് മുന്നോട്ട് വച്ചത്. ലേബറിനെ പ്രതിനിധീകരിക്കാന്‍ ആഗ്രഹിക്കുന്നവരെ തിരഞ്ഞെടുക്കുന്നത് പാർട്ടിയുടെ ലോക്കല്‍ ബ്രാഞ്ചിലെ അംഗങ്ങളാണ്
നിലവിലെ ബ്രിട്ടീഷ് പാര്‍ലമെന്റ് 2024 ഡിസംബര്‍ 17 ന് പിരിച്ചുവിടും. അടുത്ത യുകെ പൊതു തെരഞ്ഞെടുപ്പ് 2025 ജനുവരി 24 ന് ശേഷമായിരിക്കും നടക്കുക. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ വിജയം നേടാനാകുമെന്നാണ് ഏറ്റവും പുതിയ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. 2019 ലെ തിരഞ്ഞെടുപ്പിൽ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സൈമണ്‍ ഫെല്‍ ആണ് വിജയിച്ചത്. എന്നാൽ, കഴിഞ്ഞ തവണ നഷ്ടമായ സീറ്റ് കണ്‍സര്‍വേറ്റീവ് പാർട്ടിയിൽ നിന്നും തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ലേബര്‍ പാർട്ടി.