ന്യൂഡൽഹി: രാജ്യത്ത് സ്വവർഗ വിവാഹം നിയമ വിധേയമാക്കണമെന്ന് ബന്ധപ്പെട്ട് ലഭിച്ച ഹർജികൾ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഏപ്രിൽ 18ന് ഭരണഘടനാ ബെഞ്ച് ഹർജികൾ പരിഗണിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഹർജികളിലെ വാദം തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി പൂർണമായും അംഗീകരിച്ചു. ഇതോടെ കേസിന്‍റെ വാദം പൊതുജനങ്ങൾക്ക് ഓൺലൈനായി കാണാം.
സ്വവർഗ വിവാഹങ്ങൾ ഇന്ത്യൻ കുടുംബസങ്കല്പത്തിന് എതിരാണെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാംഗ്മൂലം നൽകിയിരുന്നു. സ്വവർഗ വിവാഹങ്ങൾക്കു നിയമസാധുത നൽകാത്തത് മൗലികാവകാശത്തിന്‍റെ ലംഘനമല്ലെന്നും വിവാഹം വ്യക്തികളുടെ സ്വകാര്യത മാത്രമായി കാണാവുന്നതല്ലെന്നുമാണ് കേന്ദ്രത്തിന്‍റെ നിലപാട്.
വിവാഹം എന്നതിലൂടെ ഭരണഘടനയിൽ അർഥമാക്കുന്നത് എതിർലിംഗ വിവാഹങ്ങളാണെന്നും ഭരണകൂടത്തിന്‍റെയും സാമൂഹിക സംവിധാനങ്ങളുടെയും നിലനില്പിന് എതിർലിംഗ വിവാഹങ്ങൾക്കു മാത്രമാണ് നിയമപരമായ സാധുതയുള്ളതെന്നുമാണ് കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്.
സ്വവർഗരതി കുറ്റകൃത്യമാക്കുന്ന ഐപിസി 377 റദ്ദാക്കിയത് സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായി സാധുത നൽകുന്നില്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.