കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചിട്ടില്ലെന്ന് സോൻട ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള. മാലിന്യം കത്തിച്ചാൽ കരാറെടുത്ത കമ്പനിക്കു വൻ നഷ്ടമാണു ഫലം. പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ സോൻട കരാർ എടുത്തിട്ടില്ല. മാലിന്യം കത്തിയതിൽ നഷ്ടം സംഭവിച്ചത് കമ്പനിക്കാണെന്നും രാജ്കുമാർ പറഞ്ഞു.
‘‘നിയമാനുസൃതമാണ് ടെൻഡർ നേടിയത്. ബയോമൈനിങ്ങിൽ മുൻപരിചയമുണ്ട്. ബയോമൈനിങ് ഇതുവരെ 32% പൂർത്തിയാക്കി. ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഉത്തരവാദിത്തം കമ്പനിയിൽ ആരോപിക്കാൻ ഗൂഢാലോചന നടക്കുന്നു. ആരോപണങ്ങൾക്കു പിന്നിൽ ഇതേരംഗത്തുള്ള മറ്റു ചില കമ്പനികളാണ്. ടെൻഡർ എടുക്കാൻ മത്സരിച്ച ഒരു കമ്പനിയെ സംശയമുണ്ട്. എന്നാൽ അത് ആരെന്ന് ഇപ്പോൾ പറയുന്നില്ല’’– അദ്ദേഹം പറഞ്ഞു.
തീപിടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായി പറയുന്ന രണ്ടു കത്തുകളും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ‘‘അങ്ങനെ രണ്ടു കത്തുകൾ കിട്ടിയിട്ടില്ല. ഇല്ലാത്ത കത്ത് ഉപയോഗിച്ച് കോർപറേഷൻ വേട്ടയാടുന്നു. അഗ്നിശമന സംവിധാനം ഒരുക്കേണ്ടത് കരാർ കമ്പനിയല്ല. തീപിടിക്കാൻ കാരണം ജൈവമാലിന്യത്തിലെ രാസവസ്തുക്കളാണ്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ പതിൻമടങ്ങ് ജൈവമാലിന്യം ബ്രഹ്മപുരത്തുണ്ട്. ജൈവമാലിന്യം സംസ്കരിക്കേണ്ടത് സോൻട ഇൻഫ്രാടെക് അല്ല’’– അദ്ദേഹം കൂട്ടിച്ചേർത്തു.