തിരുവനന്തപുരം: കോൺഗ്രസിന് പ്രതിസന്ധി സൃഷ്ടിച്ച് പുന:സംഘടന വൈകുന്നു. നിലവിലെ പ്രതിസന്ധി ശക്തമായതോടെ പുന:സംഘടന ഇനിയും അനിശ്ചിതമായി വൈകുമെന്ന് ഉറപ്പായി. ജില്ലകളിൽ നിന്നുളള പുന:സംഘടനാ പട്ടിക കൈമാറുന്നതിനുളള സമയം ചൊവ്വാഴ്ച അവസാനിച്ചു. അപ്പോഴും എല്ലാ ജില്ലകളിൽ നിന്നും പട്ടിക ലഭിച്ചിട്ടില്ല എന്ന സൂചനയുണ്ട്. പട്ടിക ലഭിച്ചാൽ തന്നെയും ഗ്രൂപ്പുകൾക്കിടയിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ കൂടുതൽ ഉയരാനും സാധ്യതയുണ്ട്.
ജില്ലകളിൽ നിന്ന് കൈമാറുന്ന പട്ടിക പരിശോധിച്ച് എല്ലാ പദവികളിലും ഒരാളെ നിശ്ചയിച്ച് നാമനിർദ്ദേശം ചെയ്യുന്നതിനായി സംസ്ഥാന തല സമിതി വേണമെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം. ഇങ്ങനെ രൂപീകരിക്കുന്ന സമിതിയിൽ ഗ്രൂപ്പ് നേതാക്കൾക്ക് പ്രാതിനിധ്യം വേണമെന്നും ആവശ്യമുണ്ട്. ഇത് നേടി എടുക്കുന്നതിന് വേണ്ടിയാണ് പട്ടികയിൽ നിന്ന് എങ്ങനെ ഭാരവാഹികളെ നിശ്ചയിക്കുമെന്ന ചോദ്യം ഉയർത്തുന്നത്.
കൂടിയാലോചനയില്ലാതെ പുന: സംഘടന നടന്നേക്കുമെന്ന ഭയപ്പാടിലാണ് എ, ഐ ഗ്രൂപ്പുകൾ സംസ്ഥാന നേതൃത്വം സമ്മർദ്ദത്തിന് വഴങ്ങുന്നില്ലെങ്കിൽ പുന:സംഘടനയിലെ അതൃപ്തി വ്യക്തമാക്കി പരസ്യമായി രംഗത്ത് വരാനും ഗ്രൂപ്പുകൾക്കിടയിൽ ധാരണയായിട്ടുണ്ട്. ഹൈക്കമാൻഡുമായുളള ചർച്ചയ്ക്കായി ഡൽഹിക്ക് പേയിരിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് മടങ്ങിയെത്തിയ ശേഷം പുന:സംഘടനയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുകയുളളു. വ്യാഴാഴ്ചയോടെ തിരിച്ചെത്തുന്ന സുധാകരൻ, പട്ടിക കൈകാര്യം ചെയ്യാൻ തുടങ്ങുമ്പോൾ എതിർപ്പുമായി ചാടിവീഴാൻ ഗ്രൂപ്പ് നേതാക്കളും കാത്തിരിക്കുകയാണ്.