ഇസ്രായേലിൽ (Israel) ജനകീയ പ്രതിഷേധം ആളിപ്പടരുകയാണ്. സമാനതകളില്ലാത്ത വിധം രാജ്യമൊട്ടാകെ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നതായി വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച (മാർച്ച് 11) ലക്ഷക്കണക്കിന് പ്രകടനക്കാർ രാജ്യത്തിന്റെ തെരുവുകളിൽ മാർച്ച് നടത്തിയപ്പോൾ ഇസ്രായേൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സർക്കാരിനെതിരെയും ജുഡീഷ്യൽ പരിഷ്കാരങ്ങൾക്കെതിരെയുമാണ് ഇപ്പോൾ പ്രതിഷേധം ഉയർന്നിരിക്കുന്നത്.ശനിയാഴ്ചയോടെ തുടർച്ചയായ പത്താം ആഴ്ചയാണ് ഇസ്രായേലിന്റെ തെരുവുകളിൽ പ്രകടനക്കാർ ഒഴുകിയെത്തിയത്.
“ജനാധിപത്യത്തിന്റെ അടിത്തറയ്ക്ക് ഭീഷണി” എന്ന് വിളിക്കപ്പെടുന്ന നിർദ്ദിഷ്ട നിയമനിർമ്മാണം താൽക്കാലികമായി നിർത്താൻ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഭരണസഖ്യത്തോട് ആവശ്യപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.