യുകെയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി വിദേശ രാജ്യങ്ങളിൽ പോയി രാജ്യത്തെ ജനങ്ങളെ അപമാനിച്ചപ്പോൾ മാപ്പ് പറഞ്ഞിരുന്നില്ലെന്നും ഖാർഗെ പറഞ്ഞു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നവരോട് ഒരു ചോദ്യം. മോദി അഞ്ചാറു രാജ്യങ്ങളിൽ പോയി രാജ്യത്തെ ജനങ്ങളെ അപമാനിച്ചപ്പോഴും ഇന്ത്യയിൽ ജനിച്ചത് പാപമാണെന്ന് പറഞ്ഞപ്പോഴും എന്തുകൊണ്ട് ഈ ആവശ്യം ഉന്നയിച്ചില്ല?’- ഖാർഗെ ചോദിച്ചു. ഇന്ത്യയിൽ ജനാധിപത്യം കുറഞ്ഞു വരികയാണെന്നും അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുർബലമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയോടുള്ള രാഹുൽ ഗാന്ധിയുടെ വെറുപ്പ് രാജ്യത്തോടുള്ള വെറുപ്പായി മാറിയെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ഇന്ത്യയെ അടിമകളാക്കിയ ചരിത്രമുള്ള ഒരു രാജ്യം സന്ദർശിച്ച്, രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് കോൺഗ്രസ് നേതാവ് നടത്തിയത്. രാഹുൽ മാപ്പ് പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.