Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎം.വി. രാഘവനെ ചവിട്ടിക്കൂട്ടിയതിന് സമാനമായ സംഭവമാണ് നിയമസഭയില്‍ അരങ്ങേറിയതെന്ന് കെ.സുധാകരൻ

എം.വി. രാഘവനെ ചവിട്ടിക്കൂട്ടിയതിന് സമാനമായ സംഭവമാണ് നിയമസഭയില്‍ അരങ്ങേറിയതെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: സിപിഎമ്മില്‍നിന്നു പുറത്തുപോയ എം.വി. രാഘവനെ 1987ല്‍ ഒരു സബ്മിഷന്റെ പേരില്‍ നിയമസഭയിലിട്ടു ചവിട്ടിക്കൂട്ടിയതിനു സമാനമായ ക്രൂരമായ സംഭവങ്ങളാണു നിയമസഭയില്‍ അരങ്ങേറിയതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ടി.പി. ചന്ദ്രശേഖരനെ കൊന്നവരുടെ അതേ ആക്രോശത്തോടെയാണവര്‍ കെ.കെ. രമയുടെ അടുത്തേക്കു പാഞ്ഞെത്തി ആക്രമിച്ച് കൈ ഒടിച്ചത്. ബോധരഹിതനായ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും സുധാകരൻ പറഞ്ഞു.

സീനിയര്‍ അംഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് അഡീഷനല്‍ ചീഫ് മാര്‍ഷല്‍ ആദ്യം ആക്രമിച്ചത്. എ.കെ.എം അഷറഫ്, ടി.വി ഇബ്രാഹിം, എന്നിവര്‍ക്കു പരുക്കേറ്റു. എല്‍ഡിഎഫ് എംഎല്‍എമാരായ എച്ച്. സലാമും സച്ചിന്‍ദേവും ഒരു പ്രകോപനവുമില്ലാതെ പ്രതിപക്ഷ എംഎല്‍എമാരെ ആക്രമിച്ചു. പ്രതിഷേധം കനത്തപ്പോള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിട്ട് പ്രതിപക്ഷ എംഎല്‍എമാരെ ചവിട്ടിക്കൂട്ടുകയായിരുന്നു.

സിപിഎം ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ എം.വി. രാഘവനെ 15 ദിവസത്തേക്കു നിയമസഭയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും മര്‍ദിച്ച സിപിഎം എംഎല്‍എമാര്‍ക്കു സംരക്ഷണം നൽകുകയും ചെയ്ത ചരിത്രമുള്ള സിപിഎം അതാണു വീണ്ടും ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അതു തീക്കളിയായിരിക്കും. യുഡിഎഫ് എംഎല്‍എമാരെ മര്‍ദിച്ച ഇടത് എംഎല്‍എമാര്‍ക്കും അഡീഷനല്‍ ചീഫ് മാര്‍ഷലിനുമെതിരെ നടപടിയെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

നിസാരമായ കാരണങ്ങള്‍ പറഞ്ഞാണ് അടിയന്തരപ്രമേയ നോട്ടിസിനു സ്പീക്കര്‍ തുടര്‍ച്ചയായി അവതരണാനുമതി നിഷേധിക്കുന്നത്. മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരു കാര്യത്തിലും റൂള്‍ 50 നോട്ടിസ് അനുവദിക്കാത്ത സ്ഥിതിയാണ്. ബ്രഹ്‌മപുരത്ത് തീ കത്തി 13 ദിവസം കഴിഞ്ഞപ്പോഴാണ് മുഖ്യമന്ത്രി വായ് തുറന്നത്. ഇതിനിടെ, മുഖ്യമന്ത്രി ആകെ ഒരു മീറ്റിങ് മാത്രമാണ് വിളിച്ചു കൂട്ടിയത്. കൊച്ചിയെ ഗ്യാസ് ചേംബറിലേക്ക് തള്ളിവിട്ടതില്‍ മുഖ്യമന്ത്രിയുടെ നിശബ്ദതയും നിസംഗതയും വലിയ പങ്കുവഹിച്ചു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയപ്പോള്‍ അങ്ങോട്ടു തിരിഞ്ഞു നോക്കാതെയും ഒരക്ഷരം ഉരിയാടാതെയും ക്ലിഫ് ഹൗസില്‍ ഒളിച്ച മുഖ്യമന്ത്രിയുടെ സഭയിലെ എഴുതി തയാറാക്കിയ പ്രസ്താവന കേട്ട് പുളകം കൊള്ളാന്‍ സിപിഎം അനുഭാവികള്‍ക്കും ന്യായീകരണ തൊഴിലാളികള്‍ക്കും സാധിക്കുമായിരിക്കും.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം കുറ്റവാളികളെ രക്ഷിക്കാനുള്ള കുറുക്കുവഴിമാത്രമാണ്. നഗരസഭയുടെ 16 കോടിയുടെ ടെന്‍ഡര്‍ റദ്ദാക്കി 54 കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കിയതും നടപടിക്രമങ്ങള്‍ ലംഘിച്ച് സിപിഎം നേതാവിന്റെ മരുമകന്റെ കമ്പനിക്ക് കരാര്‍ നല്‍കിയതും ഇതേ സര്‍ക്കാരാണ്. ഓഖി ദുരന്തമുണ്ടായപ്പോള്‍ വിഴിഞ്ഞത്ത് ഏറെ വൈകിയെത്തിയ മുഖ്യമന്ത്രിയെ നാട്ടുകാര്‍ ഓടിച്ച ചരിത്രം കൊച്ചിയില്‍ ആവര്‍ത്തിച്ചാല്‍ ആര്‍ക്കാണു കുറ്റംപറയാന്‍ കഴിയുകയെന്നും സുധാകരന്‍ ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments