ആർ.ടി.എയുടെ കീഴിലുള്ള ഷെയർ ഇ-സ്കൂട്ടറുകൾ കഴിഞ്ഞ വർഷം നടത്തിയത് 10 ലക്ഷം ട്രിപ്പുകൾ. 2021നെ അപേക്ഷിച്ച് ഇരട്ടി സർവീസാണ് പോയ വർഷം ഉണ്ടായതെന്ന് ആർ.ടി.എ അധികൃതർ അറിയിച്ചു. ഗുരുതരമായ അപകടങ്ങളൊന്നുമില്ലാതെയായിരുന്നു സർവീസ്.
2022ൽ ഏതാണ്ട് 6 ലക്ഷം പേരാണ് ഇ സ്കൂട്ടർ സേവനം പ്രയോജനപ്പെടുത്തിയത്. ഉപഭോക്താക്കളുടെ സംതൃപ്തി നിരക്ക് 76 ശതമാനമാണ്. അഞ്ച് ലക്ഷം റൈഡുകളാണ് 2021ൽ നടന്നത്. ഇ-സ്കൂട്ടർ ഉപയോഗം വർധിച്ചത് ദുബൈയിലെ സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗം കൂടിയാണ്. ഇതിനായി ആർ.ടി.എ നടത്തിയ ബോധവത്കരണം വിജയിച്ചതിന്‍റെ തെളിവാണ് പുതിയ കണക്കുകൾ. ഇ-സ്കൂട്ടർ ഉപയോഗത്തിനുള്ള പെർമിറ്റുകൾ 50,000 പേർക്കാണ് അനുവദിച്ചത്.
കൂടുതൽ മേഖലകളിലേക്ക് ഇ-സ്കൂട്ടർ ട്രാക്കുകൾ വ്യാപിപ്പിക്കുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൂലേവാദ്, ജുമൈറ ലേക് ടവർ, ദുബൈ ഇന്‍റർനെറ്റ് സിറ്റി, അൽ റിഗ്ഗ, സെക്കൻഡ് ഓഫ് ഡിസംബർ സ്ട്രീറ്റ്, പാം ജുമൈറ, സിറ്റി വാക്ക് എന്നിവിടങ്ങളിലാണ് ട്രാക്കുകൾ നിർമിച്ചത്. ഖിസൈസ്, മൻഖൂൽ, കറാമ എന്നിവിടങ്ങളിലെ പ്രത്യേക ഭാഗങ്ങളിലും ഇ-സ്കൂട്ടറിന് അനുമതി നൽകിയിട്ടുണ്ട്.
ഈ വർഷം ആദ്യ പാദം മുതൽ 11 പുതിയ റസിഡൻഷ്യൽ മേഖലകളിൽ കൂടി ഇ-സ്കൂട്ടറുകൾക് അനുമതി ലഭിച്ചു. ഇതോടെ ആകെ 21 മേഖലകളിലാണ് ഇ-സ്കൂട്ടറുകൾക്ക് അനുമതി ലഭിച്ചത്. വിവിധ മേഖലകളിൽ ഇ-സ്കൂട്ടറിന്‍റെ പരമാവധി വേഗതയും വ്യത്യസ്തമാണ്. അപകടം കുറക്കുന്നതിന് വിവിധ മേഖലകളിൽ ആർ.ടി.എ ബോധവത്കരണവും തുടരുകയാണ്