ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ കുവൈത്തിലെ ബാങ്കുകൾ. വ്യാജ ലിങ്കുകൾ വെച്ച് സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായതിനെ തുടർന്നാണ് രാജ്യത്തിനകത്തും പുറത്തും പണം കൈമാറ്റം നടത്തപ്പെടുന്ന ഇടപാടുകൾ പരിശോധിക്കാൻ ബാങ്കുകൾ ഒരുങ്ങുന്നത്. അക്കൗണ്ടിലേക്ക് ലിങ്കുകൾ വഴി കൈമാറ്റം ചെയ്യപ്പെടുന്ന തുകകൾ പരിശോധനക്ക് ശേഷം മാത്രം റിലീസ് ചെയ്യാനുള്ള നിർദ്ദേശവും ബാങ്കുകൾ പരിഗണിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉപഭോക്താക്കൾ വലിയ തുക സമ്മാനത്തിന് അർഹമായെന്ന വ്യാജ സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പുകളിൽ മിക്കതും നടക്കുന്നത്. സ്‌കാം സന്ദേശങ്ങൾക്കെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം .വ്യക്തിഗത തിരിച്ചറിയൽ നമ്പർ യാതൊരു കാരണവശാലും പങ്കുവെക്കരുത്. സംശയാസ്പദമായ മെയിലുകളിലോ ലിങ്കുകളിലോ ഒരു കാരണവശാലും ക്ലിക്ക് ചെയ്യാൻ പാടില്ല. അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷിതവും കാര്യക്ഷമവുമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ബാങ്കുകൾ വ്യക്തമാക്കി. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തുമായി ചേർന്ന് തട്ടിപ്പുകാരെ പിടികൂടാനും തട്ടിപ്പുകൾ പ്രതിരോധിക്കാനും ശ്രമങ്ങൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.