Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരള നിയമസഭ ജീര്‍ണതയുടെ മൂര്‍ധന്യത്തിലെത്തിയെന്ന് കെ സുധാകരന്‍

കേരള നിയമസഭ ജീര്‍ണതയുടെ മൂര്‍ധന്യത്തിലെത്തിയെന്ന് കെ സുധാകരന്‍

തിരുവനന്തപുരം:കമ്യൂണിസ്റ്റ് നേതാവ് ആര്‍ സുഗതന്‍ ജീവിച്ചിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിനു പകരം നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി അവിടെ ചൊറിയണം  നടണമെന്നു പറയുമായിരുന്നെന്ന് കെപിസിസി പ്രസിഡന്‍റ്  കെ. സുധാകരന്‍ പറഞ്ഞു. സുഗതന്‍ മുമ്പ് സെക്രട്ടേറിയറ്റിനെക്കുറിച്ചാണ് ഇതു പറഞ്ഞതെങ്കിലും ഇപ്പോള്‍ രണ്ടിടത്തും  ഇതു ബാധകമാണ്. ജീര്‍ണതയുടെ മൂര്‍ധന്യത്തിലെത്തിയ കേരള നിയമസഭ, ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കുകയും പ്രതിപക്ഷ അംഗങ്ങളെ അടിച്ചുവീഴ്ത്തുകയും ചെയ്യുന്ന ഭീകരരുടെ താവളമായെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ദിവസം എട്ടോ പത്തോ മിനിറ്റ് നേരം നിയമസഭ സമ്മേളിക്കാന്‍ 36,28,594  രൂപ ചെലവിടുന്നതിനു പകരം ആ പണം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന മറ്റെന്തിനെങ്കിലും  വിനിയോഗിക്കണം.  ജനങ്ങളുടെ നീറിപ്പുകയുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന റൂള്‍ 50 അനുസരിച്ചുള്ള അടിയന്തര പ്രമേയം ഇല്ലാതാക്കിയ മുഖ്യമന്ത്രിയെന്നാണ് പിണറായി  വിജയന്‍ ഇനി അറിയപ്പെടാന്‍ പോകുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് ലക്ഷങ്ങള്‍ ചെലവാക്കി പ്രവര്‍ത്തിക്കുന്ന സഭാ ടിവി ഇപ്പോള്‍ പാര്‍ട്ടി ചാനല്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഭരണകക്ഷി അംഗങ്ങളുടെ  മുഖം മാത്രം കാണിക്കുകയും അവരുടെ  പ്രസംഗം മാത്രം കേള്‍പ്പിക്കുകയും ചെയ്യുന്ന സഭാടിവി തികച്ചും പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു.  ക്രൂരമായി മര്‍ദനമേറ്റ പ്രതിപക്ഷത്തെ 7 എംഎല്‍എമാര്‍ക്കെതിരേ ജാമ്യമില്ലാ കേസും ഭരണപക്ഷത്തെ 2 പേര്‍ക്കെതിരേ ജാമ്യമുള്ള കേസുമെടുത്ത് പിണറായിയുടെ പോലീസ് വീണ്ടും രാജഭക്തി  തെളിയിച്ചു.

പ്രതിപക്ഷത്തെ വാഴപ്പിണ്ടിയെന്നു വിളിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ നട്ടെല്ല് ഒരു തെരുവുഗുണ്ടയുടേതാണ്. ലാവ്‌ലിന്‍ ഇടപാടിന്‍റേയും കമല ഇന്‍റര്‍നാഷണല്‍ എക്‌സ്പോര്‍ട്ട് കമ്പനിയുടെയും വിശദാംശങ്ങള്‍ ടിപി നന്ദകുമാറിന്‍റെ  ക്രൈംവാരിക 2005 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍  അന്ന് മുഹമ്മദ് റിയാസിന്‍റെ  നേതൃത്വത്തില്‍ 15 അംഗ ഗുണ്ടാസംഘം ക്രൈമിന്‍റെ  കോഴിക്കോട്  ഓഫീസ് ആക്രമിച്ച് മുഴുവന്‍ രേഖകളും എടുത്തുകൊണ്ടുപോകുകയും ഓഫീസിന് തീയിടുകയും ചെയ്തു. ഇതു സംബന്ധിച്ച് കോഴിക്കോട്ട് കസബ പോലീസ് സ്‌റ്റേഷനില്‍ 34/2005, 36/2005 എന്നിങ്ങനെ രണ്ടു കേസുകളുണ്ട്. സിഐടിയു നേതാവ് ഇ ബാലനന്ദന്‍ നല്കിയ വിലപ്പെട്ട രേഖകളാണ് അന്ന് നഷ്ടപ്പെട്ടത്.  സംസ്ഥാന വ്യാപകമായി സിപിഎം ഗുണ്ടകള്‍ ക്രൈമിന്‍റെ  കോപ്പികള്‍ പിടിച്ചെടുത്ത് പിണറായി വിജയന് സംരക്ഷണം നല്കി.

ക്രൈമിന്‍റെ  ഓഫീസില്‍ നിന്ന് ലാവ്‌ലിന്‍ രേഖകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന്  റിയാസിന് അമ്പരപ്പിക്കുന്ന രാഷ്ട്രീയവളര്‍ച്ചയാണ് കണ്ടത്.  2005ല്‍  നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ കോഴിക്കോട് നഗരസഭയിലെ പാളയം സീറ്റും 2009ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റും അര്‍ഹരായ അനേകരെ തഴഞ്ഞ് തരപ്പെടുത്തിയെങ്കിലും രണ്ടിലും തോറ്റു. ഓഫീസ് ആക്രമണത്തിനുശേഷം സംഘടനാരംഗത്ത് കുതിച്ചുയര്‍ന്ന് 2017ല്‍ ഡിവൈഎഫ് ഐയുടെ അഖിലേന്ത്യ പ്രസിഡന്‍റായി. ഇതിനിടെ കുടുംബത്തിലും ഇടംനല്കി. 2021ല്‍ ആദ്യമായി  നിയമസഭാ സീറ്റ് നേടുകയും പാര്‍ട്ടിയിലെ പരിണിതപ്രജ്ഞരായ സീനിയര്‍ നേതാക്കളെയും യുവനേതാക്കളെയും വെട്ടിമാറ്റി സുപ്രധാന വകുപ്പുകളോടു കൂടി മന്ത്രി ആക്കുകയും ചെയ്തു.  ലാവ്‌ലിന്‍ രേഖകള്‍ അപ്രത്യക്ഷമായതോടെ  പിണറായി വിജയനു മുഖ്യമന്ത്രി പദത്തിലെത്താനും സാധിച്ചു. 2001 മുതല്‍ പറവൂരില്‍ നിന്ന് തുടര്‍ച്ചയായി ജയിക്കുകയും മികച്ച പാര്‍ലമെന്‍റേറിയനായി അടയാളപ്പെടുത്തുകയും ചെയ്ത പ്രതിപക്ഷ നേതാവ് വിഡി  സതീശനെതിരേ കൊമ്പുകോര്‍ക്കാന്‍ റിയാസ് ധൈര്യപ്പെടുന്നത് തിണ്ണമിടുക്കുകൊണ്ട് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments