ബെയ്ജിങ് : നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം റഷ്യ സന്ദർശിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഷി ചിൻപിങ് യാത്രയ്ക്കൊരുങ്ങുന്നത്. മാർച്ച് 20 മുതൽ 22 വരെയാണ് സന്ദർശനമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യ–ചൈന സമഗ്ര പങ്കാളിത്തം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും തന്ത്രപ്രധാനമായ വിഷയങ്ങളിലും ചർച്ചയുണ്ടാകുമെന്നാണ് സൂചന. സുപ്രധാന ഉഭയകക്ഷി കരാറുകളിൽ ഇരുവരും ഒപ്പു വച്ചേക്കുമെന്നും സൂചനയുണ്ട്.
2019ലാണ് ചിൻപിങ് അവസാനമായി റഷ്യ സന്ദർശിച്ചതെങ്കിലും, ഇതിനിടെ ഇരുവരും പലതവണ കണ്ടുമുട്ടിയിരുന്നു. കഴിഞ്ഞ വർഷം ബെയ്ജിങ്ങിൽ നടന്ന ശീതകാല ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിലും ഉസ്ബെക്കിസ്ഥാനിൽ നടന്ന പ്രാദേശിക സുരക്ഷാ സമ്മേളനത്തിലും ഇരു രാഷ്ട്രതലവന്മാരും ബന്ധം പുതുക്കി.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ഒരു വർഷം പിന്നിടുമ്പോഴാണ് ഷി ചിൻപിങ്ങിന്റെ സന്ദർശനമെന്നത് ശ്രദ്ധേയം. റഷ്യ–യുക്രെയ്ൻ വിഷയത്തിൽ പക്ഷപാതമില്ലാത്ത നിലപാടാണ് സ്വീകരിച്ചതെങ്കിലും, അത് റഷ്യയെ പിന്തുണയ്ക്കുന്നതാണെന്ന് പാശ്ചാത്യ രാജ്യങ്ങൾ വിമർശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ വേണമെന്നും പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്നും ചൈന പ്രതീക്ഷിക്കുന്നതായി ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങ് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുളെബയെ ഫോണിൽ അറിയിച്ചിരുന്നു.