തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ സിപിഎം സൈബര്‍ പേജുകളില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയും രൂക്ഷമായി പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കിട്ട പോസ്റ്റും അതിലെ വരികളും വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിനെതിരെ സിപിഎം സൈബര്‍ സംഘങ്ങള്‍ വ്യാജപ്രചാരണം തുടങ്ങിയതെന്നാണ് യൂത്ത് കോൺഗ്രസിന്റെ നിലപാട്.
തനിക്കെതിരായ വ്യാജപ്രചാരണങ്ങളുടെ ഭാഗമായുള്ള പലതരത്തിലുള്ള കമന്റുകളുടെ സ്ക്രീൻഷോട്ടുകൾ രാഹുൽ തന്നെ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ‘ഇന്നലെ ഓണറബിൾ സൺ ഇൻ ലോയ്ക്കെതിരെ പറഞ്ഞപ്പോഴേ പ്രതീക്ഷിച്ചതാണ്. ഭാഗ്യത്തിന് ഇന്നോവയായില്ലല്ലോ!! ബൈ ദ ബൈ സ്ഥലം ഒന്നു മാറ്റാമോ, ഞാൻ ഇന്ന് തിരുവനന്തപുരത്തായിരുന്നു. അടൂർ തന്നെ വേണം എന്ന് നിർബന്ധമാണെങ്കിൽ ഇന്നലെ എന്നാക്ക്… ശങ്കരാടിയുടെ കുമാരപിള്ള സഖാവ് തന്നെയാണ് ഇപ്പോഴും പാർട്ടി ക്ലാസ്സ് ല്ലേ?’ – എന്നും രാഹുൽ കുറിച്ചു.
ചെക്കൻ പറയുന്നത് നല്ലോണം തടിയിൽ തട്ടന്നുണ്ടെന്ന് അറിയാം. അതിനു മറുപടി ഇപ്പോഴും ശങ്കരാടി കാലത്തെ കുമാരപിള്ള സഖാവിന്റെ ഉടായിപ്പ് നമ്പറുകൾ തന്നെയാണോ കമ്മികളെ? (പഴയ വിജയന്റെ കാലം) സിപിഎം സൈബർ ഹാൻഡിലുകൾ നടത്തുന്ന ഈ തെമ്മാടിത്തരം സംഘടന നിയമപരമായി നേരിടും’– രാഹുലിനെ പിന്തുണച്ച് ഷാഫി പറമ്പിൽ എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചു.