പത്തനംതിട്ട: മുട്ടയേറിൽ നാറി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. നേതാക്കളില്‍ കലാപകൊടി ഉയര്‍ത്തി പോര് മുറുകുകയാണ് ഓരോ ദിവസവും. ഗ്രൂപ്പ്പോരിനൊപ്പം സീനിയര്‍ ജൂനിയര്‍ യുദ്ധം കൂടിയാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഹാത്ത് സേ ഹാത്ത് ജാഥയ്ക്ക് നേരെ ഇന്ന് വലഞ്ചുഴിയില്‍വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ മുട്ട് എറിഞ്ഞതാണ് പുതിയ പ്രതിസന്ധി ഉയർത്തുന്നത്. ഇതോടെ പരസ്യ യുദ്ധത്തിനും ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.
പാര്‍ട്ടിയിലെ തര്‍ക്കം തെരുവിലേക്ക് ഇറങ്ങിയതോടെ ജില്ലയിലെ മുതിര്‍ന്ന നേതാക്കളും, ഡിസിസി നേതൃവും ആശങ്കയിലാണ്. ഇന്ന് നടന്ന മുട്ടയേറലിനെ തുടര്‍ന്ന് പരസ്യ തര്‍ക്കവും പോര്‍വിളികളും ഉയര്‍ന്നു. നേതാക്കളിൽ ചിലർ കോളറിനു കടന്നുപിടിച്ചും അസഭ്യം പറഞ്ഞും നിരത്തിൽ പ്രതിഷേധം തീർത്തു. ഡി സി സി അധ്യക്ഷൻ സതീഷ് കൊച്ചു പറമ്പിൽ, പഴകുളം മധു എന്നിവർക്കു നേരെയായിരുന്നു പ്രതിഷേധ മുദ്രാവാക്യങ്ങൾ. ജില്ലയിലെ സീനിയര്‍ നേതാക്കള്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കിയതെന്ന സൂചനയുമുണ്ട്.
ജില്ലയിലെ ഡിസിസി നേതൃത്വത്തിനെതിരെ വലിയൊരു വിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ട്. മുതിര്‍ന്ന പല നേതാക്കളേയും അവഗണിക്കുകയാണെന്നും അവരുടെ അഭിപ്രായങ്ങള്‍ തേടുന്നില്ലെന്നതുമാണ് പ്രധാന ആരോപണം. ഡിസിസി അധ്യക്ഷന്‍ സതീഷ് കൊച്ചുപറമ്പിലിനെ നിയന്ത്രിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനാണെന്നും പറയുന്നു. ജില്ലയില്‍ നിന്നുള്ള കെപിസിസി സെക്രട്ടറി പഴകുളം മധുവും ഇവര്‍ക്ക് പരസ്യപിന്തുണയുമായി രംഗത്തുണ്ട്.
ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍ ഡിസിസി അധ്യക്ഷനുമായ ബാബു ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിലുള്ള അമര്‍ഷം പുകയുന്നതിനിടയിലാണ് പുതിയ പ്രശ്നങ്ങള്‍. ബാബു ജോര്‍ജിനെ പുറത്താക്കിയതില്‍ ജില്ലയിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും അമര്‍ഷമുണ്ട്. നേതൃത്വം തന്നെ അവഗണിക്കുകയാണെന്ന് വ്യക്തമാക്കുന്ന തരത്തില്‍ ബാബു ജോര്‍ജ് ഓരോ ദിവസവും ഫെയ്സ്ബുക്ക് പോസ്റ്റുകളും പ്രസിദ്ധീകരിക്കുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ കൂടുതൽ കലാപ കൊടികൾ ഉയരും.