Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബി.ജെ.പി- എ.ഐ.എ.ഡി.എം.കെ സഖ്യത്തിൽ ഭിന്നത

ബി.ജെ.പി- എ.ഐ.എ.ഡി.എം.കെ സഖ്യത്തിൽ ഭിന്നത

ചെന്നൈ: തമിഴ്‌നാട്ടിൽ ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. ബി.ജെ.പി വിടുന്ന നേതാക്കളെ എ.ഐ.എ.ഡി.എം.കെ സ്വീകരിച്ചതിൽ ഇരു പാർട്ടി നേതാക്കളും തമ്മിൽ വാക്‌പോര് തുടരുന്നതിനിടെ രാജി ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തി. വെള്ളിയാഴ്ച നടന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ രാജിഭീഷണി മുഴക്കിയത്.

എ.ഐ.എ.ഡി.എം.കെയുമായി സഖ്യം തുടരാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമെങ്കിൽ താൻ പാർട്ടി അധ്യക്ഷസ്ഥാനം രാജിവെച്ച് സാധാരണ പ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുമെന്ന് അണ്ണാമലൈ പറഞ്ഞു. തമിഴ്‌നാട്ടിൽ പാർട്ടി വളരണമെങ്കിൽ ബി.ജെ.പി സ്വതന്ത്രമായി നിൽക്കണമെന്നും ഏതെങ്കിലും ദ്രാവിഡ പാർട്ടിക്ക് പിന്നിൽ രണ്ടാമതായി നിന്നതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വാർത്ത സംബന്ധിച്ച് പ്രതികരിക്കാൻ ബി.ജെ.പി നേതൃത്വം വിസമ്മതിച്ചു. അടച്ചിട്ട മുറിയിൽ നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച് മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി പറഞ്ഞു. അണ്ണാമലൈ നടത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് പാർട്ടി ദേശീയ നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കുകയെന്നും ബി.ജെ.പി നിയമസഭാ കക്ഷിനേതാവ് നൈനാർ നാഗേന്ദ്രൻ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന ഭാരവാഹികൾ അടക്കം 13 പേർ കഴിഞ്ഞ ആഴ്ച രാജിവെച്ച് എ.ഐ.എ.ഡി.എം.കെയിൽ ചേർന്നിരുന്നു. ചെന്നൈ വൈസ്റ്റ് ജില്ലാ ഐ.ടി ഭാരവാഹികളായ 13 പേരാണ് രാജിവെച്ചത്. ബി.ജെ.പി ഐ.ടി വിഭാഗം സംസ്ഥാന കൺവീനറായിരുന്ന സി.ടി.ആർ നിർമർകുമാർ അണ്ണാമലൈയുമായുള്ള ഭിന്നതയെ തുടർന്നാണ് രാജിവെച്ചത്. ബി.ജെ.പി വിട്ടവരെ എ.ഐ.എ.ഡി.എം.കെ സ്വീകരിച്ചതിൽ പ്രതിഷേധിച്ച് പലയിടത്തും ബി.ജെ.പി പ്രവർത്തകർ എടപ്പാടി പളനിസാമിയുടെ ചിത്രങ്ങൾ കത്തിച്ചിരുന്നു.

ഇതിനെതിരെ അണ്ണാ ഡി.എം.കെയിലെ മുതിർന്ന നേതാവ് ഡി.ജയകുമാർ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. പാർട്ടി പ്രവർത്തകർ മറ്റു പാർട്ടികളിൽ ചേരാൻ തീരുമാനിക്കുമ്പോൾ അത് അംഗീകരിക്കാനുള്ള രാഷ്ട്രീയ പക്വത എല്ലാവരും കാണിക്കണമെന്നും പളനിസാമിയുടെ ചിത്രം കത്തിച്ചവരെ ബി.ജെ.പി പുറത്താക്കണമെന്നും ജയകുമാർ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments